പാലക്കാട് : ജില്ലയിലെ പട്ടഞ്ചേരിയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ളയില്‍ രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്ത്(31) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ അജിത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ ആത്‌മഹത്യ ആണെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ രാജനും കല്യാണിക്കുട്ടിയും തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അജിത്തിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കല്യാണിക്കുട്ടി പട്ടഞ്ചേരിയിൽ പത്താം വാര്‍ഡിലെ സിപിഎം സ്‌ഥാനാര്‍ഥിയാണ്. കിടപ്പുമുറിയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ അജിത്തിന്റെ സമീപത്തു തന്നെ തോക്കും ഉണ്ടായിരുന്നു. രാജന്റെ പേരിലാണ് തോക്കിന്റെ ലൈസന്‍സ്.
കഴിഞ്ഞ കുറച്ചു നാളുകളായി ലഹരിമുക്‌തി കേന്ദ്രത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു അജിത്ത്. 4 ദിവസം മുന്‍പാണ് ഇയാള്‍ തിരികെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീടിന്റെ ഭാഗത്തു നിന്നും വെടിയൊച്ച കേട്ടതായി സമീപവാസികളും വെളിപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം ഇന്ന് പോസ്‌റ്റ്മോര്‍ട്ടം നടത്തും. പാലക്കാട് ഡിവൈഎസ്‌പി പി ശശികുമാര്‍ ഉള്‍പ്പടെയുള്ള പോലീസ് സംഘം ഇന്നലെ സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി.
Malabar News : അതിരപ്പിള്ളി വീണ്ടും സജീവമാകുന്നു; സഞ്ചാരികള്‍ എത്തിത്തുടങ്ങി