തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം മുതല്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികള്‍ക്ക് അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് ഇന്നലെ നൂറുകണക്കിന് ആളുകളാണ് വെള്ളച്ചാട്ടം കാണാനായി എത്തിയത്. വ്യൂ പോയിന്റില്‍ നിന്നും വെള്ളച്ചാട്ടം കാണാനുള്ള അനുമതിയാണ് വനംവകുപ്പ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
സംസ്‌ഥാനത്ത് വിനോദ സഞ്ചാര മേഖലകള്‍ നേരത്തെ തന്നെ സജീവമായെങ്കിലും അതിരപ്പിള്ളിയില്‍ ഇതുവരെ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സഞ്ചാരികളും നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ വ്യൂ പോയിന്റില്‍ നിന്നും വെള്ളച്ചാട്ടം കാണാനുള്ള അനുമതി സഞ്ചാരികള്‍ക്ക് നല്‍കിയത്.
വെള്ളച്ചാട്ടം അടച്ചിട്ടതോടെ വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി ആളുകളെ അത് പ്രതികൂലമായി ബാധിച്ചിരുന്നു. വീണ്ടും ആളുകള്‍ എത്തിത്തുടങ്ങിയതോടെ ഹോട്ടലുകളും വഴിയോരക്കച്ചവടങ്ങളും വീണ്ടും സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുകയുള്ളൂ. ഒപ്പം തന്നെ കടകളും, ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Malabar News: പാർട്ടിവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം; പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി