ടിടിഇ വിനോദ് കൊലക്കേസ്; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

ഒഡിഷ സ്വദേശി രജനീകാന്തയാണ് കേസിലെ പ്രതി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് എറണാകുളം സ്വദേശിയായ ടിടിഇ കെ വിനോദിനെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു.

By Trainee Reporter, Malabar News
TTE Vinod Death
വിനോദ്
Ajwa Travels

തൃശൂർ: ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇതര സംസ്‌ഥാന തൊഴിലാളി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഒഡിഷ സ്വദേശി രജനീകാന്തയാണ് കേസിലെ പ്രതി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് എറണാകുളം സ്വദേശിയായ ടിടിഇ കെ വിനോദിനെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു.

എസ് 11 കോച്ചിന്റെ പിന്നിൽ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടിടിഇയെ പ്രതി ഇരുകൈകൾ കൊണ്ടും പുറത്തേക്ക് തള്ളിയിടുക ആയിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. എറണാകുളം- പട്‌ന എക്‌സ്‌പ്രസ് തൃശൂർ സ്‌റ്റേഷൻ വിട്ടപ്പോഴായിരുന്നു സംഭവം.

മുളങ്കുന്നത്തുകാവ് സ്‌റ്റേഷന് സമീപത്താണ് വിനോദിനെ തള്ളിയിട്ടത്. ഈ സമയം പ്രതി മദ്യലഹരിയിലായിരുന്നു. തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് മുളങ്കുന്നത്ത്കാവ് സ്‌റ്റേഷൻ കഴിഞ്ഞാണ് വിനോദ് ടിക്കറ്റ് ചോദിച്ചത്. ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയതിന് ആയിരം രൂപ പിഴ അടക്കാൻ പറഞ്ഞതോടെയാണ് താൻ ടിടിഇയെ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

തന്റെ കൈയിൽ പണം ഇല്ലായിരുന്നുവെന്നും പിഴ നൽകണമെന്ന് പറഞ്ഞതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും രജനീകാന്ത പറയുന്നു. വീഴ്‌ചയിൽ മറ്റൊരു ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. വെളപ്പായ റെയിൽവേ ഓവർ ബ്രിഡ്‌ജിന്‌ താഴെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാർ നൽകിയ വിവരങ്ങൾ അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പോലീസ് പിടികൂടിയത്.

അതേസമയം, മരിച്ച വിനോദിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉച്ചയോടെ മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിക്കും. ഡീസൽ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു വിനോദ്. രണ്ടുകൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറിയത്. പുലിമുരുകൻ, ഗ്യാങ്‌സറ്റർ, വിക്രമാദിത്യൻ, തുടങ്ങി 14-ലധികം സിനിമകളിൽ ചെറിയ വേഷങ്ങളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി നായകനായെത്തിയ ഗ്യാങ്‌സറ്റർ ആയിരുന്നു ആദ്യ ചിത്രം. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയാണ്. അതേസമയം, കുന്നംകുളത്തെ ബാർ ജീവനക്കാരനാണ് പിടിയിലായ പ്രതി രജനീകാന്ത എന്ന് വ്യക്‌തമായിട്ടുണ്ട്. ഇന്നലെ മദ്യപിച്ച് ജോലിക്ക് വന്നപ്പോൾ ഇയാളെ പറഞ്ഞുവിട്ടതാണെന്ന് ബാർ ഉടമ വ്യക്‌തമാക്കിയിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് ഇയാൾ ഇവിടെ ജോലിയിൽ പ്രവേശിച്ചത്. പ്രതിക്കെതിരെ ഐപിസി 1860, 302 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Most Read| എംബസി ആക്രമണം; ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE