പാലക്കാട്: പി സരിന് പിന്നാലെ എകെ ഷാനിബും കോൺഗ്രസിന് തലവേദനയാകുന്നു. കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബ് പാലക്കാട് മൽസരത്തിനിറങ്ങുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ്. വിഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടുകൾക്ക് എതിരെയാണ് തന്റെ മൽസരമെന്നാണ് ഷാനിബ് പറയുന്നത്.
കൂടുതൽ കാര്യങ്ങൾ രാവിലെ 10.45ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷാനിബ് പറഞ്ഞു. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവർത്തിച്ചത്. പാലക്കാട് കെഎസ്‌യു മുൻ അധ്യക്ഷനായും ഷാനിബ് പ്രവർത്തിച്ചിട്ടുണ്ട്.
നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കോൺഗ്രസുകാർ തന്നെ മൽസരത്തിന് ഇറങ്ങുന്നത് കോൺഗ്രസിന് തലവേദനയാവുകയാണ്. ഷാനിബും സരിനും പാലക്കാട് ജില്ലക്കാരുമാണ്. കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഷാനിബ് പാർട്ടി വിട്ടത്.
പാലക്കാട്- വടകര-ആറൻമുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്‌തസാക്ഷിയാണ് കെ മുരളീധരൻ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറൻമുളയിൽ അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.
പാലക്കാട് ഒരു സമുദായത്തിൽപ്പെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണെന്നും ഷാനിബ് വിമർശിച്ചിരുന്നു. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിന് വേണ്ടി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻചാണ്ടി അസുഖ ബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയതെന്നതടക്കം ഷാനിബ് തുറന്നടിച്ചിരുന്നു.
സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും സരിന് വേണ്ടി രംഗത്തിറങ്ങുമെന്നും പറഞ്ഞ ഷാനിബ്, അപ്രതീക്ഷിതമായി മൽസരരംഗത്ത് ഇറങ്ങുന്നതിന് പിന്നിലെ കാരണം വ്യക്‌തമല്ല. ഇതുസംബന്ധിച്ചു ഇന്നത്തെ വാർത്താ സമ്മേളനത്തിലെ വ്യക്‌തത വരികയുള്ളൂ.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!