പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അഗളി പഞ്ചായത്തിലെ കതിരംപടി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഹൃദ്രോഗിയാണ് കുട്ടി. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. ഇന്നത്തെ രണ്ടാമത്തെ ശിശുമരണമാണിത്.
വീട്ടിയൂർ ഊരിലെ ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് വിവരം. അതേസമയം, ഒരാഴ്‌ചക്കിടെ അട്ടപ്പാടിയിലെ നാലാമത്തെ ശിശുമരണമാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിച്ച സാഹചര്യമുണ്ടായി.
അതേസമയം, അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിൽ റിപ്പോർട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണനും ടിവി അനുപമക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി നാളെ അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളിയിൽ ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പങ്കെടുക്കും.
Most Read: ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തനത്തിന് വിലക്ക്