ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി പോയി; പരിഹസിച്ച് അനുരാഗ് താക്കൂർ

By News Desk, Malabar News
freedom-of-press-anurag-singh-thakur
അനുരാഗ് സിംഗ് ഠാക്കൂര്‍
Ajwa Travels

ശ്രീനഗർ: കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്‌ദുള്ളയെയും മെഹബൂബ മുഫ്‌തിയെയും പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.

‘ചൈനയുടെ സഹായം തേടുമെന്നാണ് ഫാറൂഖ് അബ്‌ദുള്ള പറയുന്നത്. ഭീകരതയുടെ വിതരണക്കാരായ പാകിസ്‌ഥാന്റെ സഹായം ആവശ്യപ്പെടുമെന്നാണ് മെഹബൂബ മുഫ്‌തിയുടെ പക്ഷം. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്. എന്നാൽ, അത് എന്നെന്നേക്കുമായി പോയി, ഇനി തിരിച്ചു വരില്ല’ താക്കൂർ പറഞ്ഞു. തിങ്കളാഴ്‌ച ആരംഭിക്കുന്ന ഡിസിസി തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിന് മുന്നോടിയായി ബുഡ്‌ഗാം ജില്ലയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ കുട്ടികളെ മുഫ്‌തിയുടെയും അബ്‌ദുള്ളയുടെയും മക്കളുമായി താരതമ്യം ചെയ്യൂ. നേതാക്കൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസവും വികസനവും ഉറപ്പ് വരുത്തുന്നു. അതേസമയം, ദരിദ്രരുടെ മക്കളെ ആയുധമെടുക്കാൻ നിർബന്ധിതരാക്കുകയും ചെയ്‌തു. പ്രധാനമന്ത്രിയുടെ ബിജെപിക്ക് വോട്ട് ചെയ്യുന്നതിലൂടെ ബിഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലേത് പോലെ കശ്‌മീരിലും വികസനം കൊണ്ടുവരുമെന്ന് താക്കൂർ പറയുന്നു.

ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് രാഷ്‌ട്രീയ പാർട്ടികൾ ചേർന്ന് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ളറേഷൻ എന്ന പേരിൽ സഖ്യം രൂപീകരിച്ചിരുന്നു. മെഹബൂബ മുഫ്‌തിയുടെ വീട്ടുതടങ്കൽ അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഫാറൂഖ് അബ്‌ദുള്ളയാണ് സഖ്യത്തിന്റെ നേതാവ്. വൈസ് പ്രസിഡണ്ട് മെഹബൂബ മുഫ്‌തിയും കൺവീനർ സിപിഎം നേതാവ് യൂസുഫ് തരിഗാമിയുമാണ്.

ജമ്മു കശ്‌മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്‌ഥയാണ് ആർട്ടിക്കിൾ 370. ഇന്ത്യൻ ഭരണഘടനയുടെ 21ആം ഖണ്ഡം ജമ്മു കശ്‌മീരിന് പ്രത്യേക പദവിയാണ് നൽകുന്നത്. ഇത് പ്രകാരം മറ്റ് ഇന്ത്യൻ സംസ്‌ഥാനങ്ങളിലെ താമസക്കാരെ അപേക്ഷിച്ച് ജമ്മു കശ്‌മീരിലെ താമസക്കാർ പൗരത്വം, സ്വത്തിന്റെ ഉടമസ്‌ഥാവകാശം, മൗലികാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക നിയമങ്ങളുടെ കീഴിലാണ് ജീവിക്കുന്നത്. ഈ വ്യവസ്‌ഥയുടെ ഫലമായി, മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് ജമ്മു കശ്‌മീരിൽ സ്‌ഥലമോ സ്വത്തോ വാങ്ങാൻ കഴിയില്ല.

Also Read: കർഷകർക്ക് പിന്തുണ; പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു

 

ജമ്മു കശ്‌മീർ പുനഃസംഘടന ബിൽ, 2019 പ്രകാരം, കശ്‌മീരിന് പ്രത്യേകാധികരം നൽകുന്ന ആർട്ടിക്കിൾ 370, 2019 ആഗസ്‌റ്റ്  5 ന് കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ഉടനടി രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. ആർട്ടിക്കിൾ 370 റദ്ദായതോടെ ജമ്മു കശ്‌മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35A യും ഇല്ലാതായി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന്, കശ്‌മീരിൽ നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും രാഷ്‌ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE