മാൽക്കം എക്‌സ്‌ വധം; രണ്ട് പേരെ 56 വർഷത്തിന് ശേഷം കുറ്റവിമുക്‌തരാക്കി

By Staff Reporter, Malabar News
malcom-x-assassination
മാൽക്കം എക്‌സ്‌
Ajwa Travels

ന്യൂയോർക്ക്: യുഎസിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ആഫ്രിക്കൻ-അമേരിക്കൻ മന്ത്രിയുമായിരുന്ന മാല്‍ക്കം എക്‌സിന്റെ വധത്തില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ നിരപരാധികളെന്ന് അന്വേഷണ റിപ്പോര്‍ട്. മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയും, പ്രതികളായിരുന്ന രണ്ട് പേരുടെ അഭിഭാഷകരുമാണ് ഇക്കാര്യം അറിയിച്ചത്.

പ്രതികളെന്ന് മുദ്രകുത്തപ്പെട്ട മുഹമ്മദ് എ അസീസ്, ഖാലി ഇസ്‌ലാം എന്നിവരെയാണ് 20 വര്‍ഷം ജയില്‍ വാസം അനുഭവിച്ച് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നിരപരാധികളെന്ന് പ്രഖ്യാപിക്കുന്നത്. മാല്‍ക്കം വധം നടന്ന് 56 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കേസില്‍ പ്രതികളെ കുറ്റവിമുക്‌തരാക്കുന്ന തീരുമാനമുണ്ടായത്.

ഏറെ കോളിളക്കം സൃഷ്‌ടിച്ച മാൽക്കം വധത്തിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്‌ച ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പ്രതികളെ കുറ്റവിമുക്‌തരാക്കിയ തീരുമാനം. കേസ് നടത്തിപ്പിനെ സംബന്ധിച്ച് കാലങ്ങളായി ചരിത്രകാരൻമാര്‍ സംശയം ഉന്നയിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണകൂടം ഒരു പുനഃപരിശോധനക്ക് തയ്യാറായത്.

22 മാസത്തോളം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയാണ് ഇരുവരും നിരപരാധികളാണെന്ന് പ്രഖ്യാപിച്ചത്. 1966ലായിരുന്നു ഇവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. അന്വേഷണം നടത്തിയ എഫ്ബിഐയും ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും മുഹമ്മദ് എ അസീസ്, ഖാലി ഇസ്‌ലാം എന്നിവര്‍ നിരപരാധികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ പൂഴ്‌ത്തിവച്ചു എന്നാണ് അറ്റോര്‍ണിയും പ്രതികളുടെ അഭിഭാഷകരും പറയുന്നത്.

‘ബ്ളാക്ക് നാഷണലിസ്‌റ്റ് ഗ്രൂപ്പ് ഓഫ് നാഷന്‍ ഓഫ് ഇസ്‌ലാം’ എന്ന സംഘടനയിലെ മൂന്ന് അംഗങ്ങള്‍ ചേര്‍ന്നാണ് മാൽക്കമിനെ വധിച്ചത് എന്നായിരുന്നു അന്നത്തെ അന്വേഷണ റിപ്പോർട്. ഇതില്‍ മൂന്നാമനായ മുജാഹിദ് അബ്‌ദുല്‍ ഹലിം 2010ല്‍ ജയില്‍ മോചിതനായിരുന്നു. ഇയാള്‍ മുൻപ് കുറ്റം ഏറ്റു പറഞ്ഞിരുന്നെങ്കിലും മറ്റ് രണ്ട് പേരും നിരപരാധികളാണെന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇതൊന്നും അന്നത്തെ അന്വേഷണ സംഘം മുഖവിലക്കെടുത്തില്ല.

Martin Luther King-MalcolmX
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, മാൽക്കം എക്‌സ്‌

അമേരിക്കയുടെ ചരിത്രത്തിലെ എക്കാലത്തേയും വലിയ കറുത്ത വര്‍ഗക്കാരനായ നേതാവായിരുന്നു മാല്‍ക്കം എക്‌സ്. അമേരിക്കയില്‍ സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ സമയത്തെ നിര്‍ണായക സാന്നിധ്യമായിരുന്നു മാല്‍ക്കം. 1965 ഫെബ്രുവരി 21നായിരുന്നു ഇദ്ദേഹം വധിക്കപ്പെട്ടത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ സമകാലികൻ കൂടിയായിരുന്നു മാൽക്കം.

Read Also: നാണക്കേട്, സങ്കടം; കാർഷിക നിയമം പിൻവലിച്ചതിന് എതിരെ കങ്കണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE