ബാബരി കേസിൽ വിധി ഇന്ന്; അദ്വാനിയും ജോഷിയും കോടതിയിൽ എത്തില്ല

By Desk Reporter, Malabar News
LK-Advani,-Murali-Manohar-Joshi_2020-Sep-30

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ 28 വർഷത്തിനു ശേഷം ഇന്ന് വിധി പറയും. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ബിജെപിയുടെ സ്ഥാപക നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രിമാരായ ഉമാ ഭാരതി, കല്യാൺ സിം​ഗ് എന്നിവരാണ് കേസിലെ പ്രതിപട്ടികയിലുള്ള പ്രമുഖർ. എന്നാൽ ഇവരാരും തന്നെ ഇന്ന് കോടതിയിൽ നേരിട്ട് എത്തില്ല. ആരോ​ഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് 92കാരനായ അദ്വാനിയും 86കാരനായ മുരളി മനോഹർ ജോഷിയും കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിഞ്ഞത്. ഉമാ ഭാരതി കോവിഡ് ബാധിച്ച് ചികിത്സയിലാണ്, കല്യാൺ സിം​ഗ് കോവിഡിൽ നിന്ന് മുക്‌തി പ്രാപിക്കുന്നതേയുള്ളൂ.

1992 ഡിസംബർ ആറിനാണ് ബാബറി മസ്‌ജിദിന്റെ മിനാരങ്ങൾ കർസേവകർ തകർത്തത്. 41 കേസുകളിലായി എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, വിനയ് കത്യാർ,കല്യാൺ സിം​ഗ്, ഉമാ ഭാരതി തുടങ്ങിയ 32 പ്രതികളും ആയിരത്തിലേറെ സാക്ഷികളുമാണ് ഉള്ളത്.

Also Read:  തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടികള്‍ കൂടി; സമയക്രമം ഉടന്‍

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റമാണ് പ്രതികൾക്കെതിരായ പ്രധാനകുറ്റം. മതസ്പര്‍ദ്ധ വളർത്തൽ, രാജ്യത്തിന്റെ അഖണ്ഡതക്ക് മുറിവേൽപ്പിക്കൽ, അക്രമത്തിന് പ്രേരിപ്പിക്കൽ, ആരാധനാലയങ്ങളെ അശുദ്ധമാക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഏഴ് വർഷം വരെ തടവ് ലഭിക്കാം. അദ്വാനി ഉൾപ്പെടെയുള്ള നേതാക്കളെ പ്രതിച്ചേർക്കുന്നത് 1996ലെ അനുബന്ധ കുറ്റപത്രത്തിലാണ്. 1997ൽ ഗൂഢാലോചന ഉൾപ്പെടെ കുറ്റങ്ങൾ കോടതി ചുമത്തി. എന്നാൽ, സാങ്കേതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണ തടസപ്പെട്ടു. വിജ്ഞാപനത്തിലെ സാങ്കേതിക പിഴവിന്റെ പേരിൽ അദ്വാനി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ ഗൂഢാലോചന കുറ്റം ഒഴിവാക്കപ്പെട്ടു.

2003ൽ ഏല്ലാ കുറ്റങ്ങളിൽ നിന്നും റായ്ബറേലി കോടതി വിടുതൽ നൽകി. എന്നാൽ ഇത് ചോദ്യം ചെയ്‌ത്‌ സിബിഐ നൽകിയ ഹർജിയിൽ അദ്വാനി ഉൾപ്പെടെ ഉള്ളവർ വിചാരണ നേരിടണമെന്ന് 2010ൽ ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ നടപടി ഹൈക്കോടതിയും ശരിവച്ചു. ഒടുവിൽ 2017ൽ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിലൂടെയാണ് ഗൂഢാലോചനക്കുറ്റത്തിൽ ഉൾപ്പെടെ പ്രതികളെല്ലാവരും ഒരുമിച്ച് ലഖ്‌നൗ കോടതിയിൽ അതിവേഗ വിചാരണ നേരിടുന്ന സാഹചര്യം ഉണ്ടായത്.

Also Read:  അതിര്‍ത്തിയിലെ അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണം; ഇന്ത്യ

അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ അക്രമം നടക്കുമ്പോൾ ബാബരി മസ്‌ജിദിന്‌ സമീപം ഉണ്ടായിരുന്നതായി ആരോപണമുണ്ട്. അവർ പ്രസംഗങ്ങളിലൂടെ ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. മുതിർന്ന ബിജെപി നേതാവ് കല്യാൺ സിംഗ് ഈ സമയത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE