ഭീമ കൊറേഗാവ് കേസിൽ വൻ വഴിത്തിരിവ്; തെളിവുകൾ കൃത്രിമം; നിർണായക വെളിപ്പെടുത്തൽ

By News Desk, Malabar News
Rona Wilson
Ajwa Travels

മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഫോറൻസിക് ഏജൻസി രംഗത്തെത്തി. പ്രതികളിൽ ഒരാളായ മലയാളി സാമൂഹിക പ്രവർത്തകൻ റോണോ വിൽസന്റെ കംപ്യൂട്ടറിൽ കണ്ടെത്തിയ മാവോയിസ്‌റ്റ് ബന്ധം തെളിയിക്കുന്ന കത്ത് മാൽവെയർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നിക്ഷേപിച്ചതാണെന്ന് കണ്ടെത്തി. വാഷിങ്ടൺ പോസ്‌റ്റാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടത്.

റോണാ വിൽസൺ, വരവര റാവു, സുധ ഭരദ്വാജ് ഉൾപ്പടെയുള്ള സാമൂഹിക പ്രവർത്തകരെ ഭീമ കൊറേഗാവ് കേസിൽ 2018ലാണ് പൂനെ പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. കലാപത്തിന് ആഹ്വാനം നൽകിയെന്നും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതി തയാറാക്കി എന്നുമായിരുന്നു ഇവർക്കെതിരായ ആരോപണം.

പ്രധാന തെളിവുകളായി ഇവരുടെ ലാപ്‌ടോപ്പുകളിൽ നിന്ന് ചില കത്തുകൾ കണ്ടെടുത്തിരുന്നു. അതേസമയം, റോണ വിൽസന്റെ കംപ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ 10 കത്തുകൾ മാൽവെയർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഹാക്ക് ചെയ്‌ത്‌ നിക്ഷേപിച്ചതാണെന്നാണ് അമേരിക്കയിലെ മുൻനിര ഫോറൻസിക് ഏജൻസിയായ ആർസണൽ കൺസൾട്ടൻസി കണ്ടെത്തിയിരിക്കുന്നത്.

300ലധികം മണിക്കൂർ നീണ്ട പരിശോധനക്ക് ഒടുവിലാണ് ഫോറൻസിക് സംഘത്തിന്റെ നിർണായക കണ്ടെത്തൽ. വിദഗ്‌ധ പരിശോധനക്ക് വേണ്ടി റോണാ വിൽസന്റെ അഭിഭാഷകനാണ് ആർസണൽ ഏജൻസിയെ സമീപിച്ചത്. എന്നാൽ, ഹാക്ക് ചെയ്‌തതിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്‌തമല്ല.

2016 ജൂൺ 16നാണ് കത്തുകൾ നിക്ഷേപിക്കപ്പെട്ടത്. 2018 ജൂൺ 13ന് റോണാ വിൽസൺ അറസ്‌റ്റിലാവുകയും ചെയ്‌തു. റോണാ വിൽസന്റെ കംപ്യൂട്ടറിൽ ‘ആർ ബാക്കപ്പ്’ എന്ന രഹസ്യ ഫോൾഡർ തയാറാക്കിയാണ് ഹാക്കർ കത്തുകൾ നിക്ഷേപിച്ചത്. റോണാ വിൽസന്റെ വീട്ടിൽ റെയ്‌ഡ്‌ നടക്കുന്നതിന്റെ തലേദിവസം വരെ 52 ഫയലുകൾ നിക്ഷേപിക്കപ്പെട്ടിരുന്നു എന്നാണ് ഫോറൻസിക് റിപ്പോർട്ടിലെ വിവരം.

റിപ്പോർട് പുറത്ത് വന്നതിന് പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റോണാ വിൽസൺ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം, റോണയുടെ കംപ്യൂട്ടറിൽ മാൽവെയർ സോഫ്‌റ്റ്‌വെയർ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് എൻഐഎ അഭിഭാഷകന്റെ വാദം.

മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ താഴെപോയതിന് പിന്നാലെയാണ് പൂനെ പോലീസിൽ നിന്ന് എൻഐഎ കേസ് ഏറ്റെടുത്തത്. തുടർന്ന് ഡെൽഹി സർവകലാശാലയിലെ മലയാളി അധ്യാപകനായ ഹാനി ബാബു, വൈദികൻ സ്‌റ്റാൻ സ്വാമി എന്നിവരെയും എൻഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്ന് തുടക്കം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫോറൻസിക് ഏജൻസിയുടെ നിർണായക വെളിപ്പെടുത്തൽ. ബോസ്‌റ്റണിലെ മാരത്തൺ ബോംബിങ് ഉൾപ്പടെയുള്ള വിവാദ കേസുകൾ തെളിയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഫോറൻസിക് ഏജൻസി കൂടിയാണ് ആർസണൽ എന്നതും ശ്രദ്ധേയമാണ്.

Also Read: സമരം കടുപ്പിക്കാൻ കർഷകർ; ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE