കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് കെടി ജയകൃഷ്‌ണൻ കൊല്ലപ്പെട്ടതിന്റെ 22ആം വാര്‍ഷികത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ ബിജെപി നടത്തിയ റാലിക്കിടെ പ്രവര്‍ത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി.
യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി ബുധനാഴ്‌ച തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ‘അഞ്ചുനേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേള്‍ക്കില്ല’ തുടങ്ങിയ വര്‍ഗീയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ഉടനീളം പ്രവർത്തകർ വിളിച്ചത്.
ഇത്തരം മുദ്രാവാക്യങ്ങൾ കേരളത്തിന്റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേത് പോലെ മതത്തിന്റെ പേരിൽ വിദ്വേഷം വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കേണ്ടതുണ്ട്. തുടങ്ങിയവയാണ് ഡിവൈഎഫ്ഐ പ്രസ്‌താവനയിലൂടെ പറയുന്നത്.
തലശ്ശേരി സംഗമം കവലയില്‍ നിന്ന് തുടങ്ങിയ പ്രകടനം പുതിയ ബസ് സ്‌റ്റാന്‍ഡില്‍ സമാപിച്ചു. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ രഞ്‌ജിത്ത്, കെപി സദാനന്ദന്‍, സംസ്‌ഥാന വക്‌താവ് സന്ദീപ് വചസ്‌പതി, ബിജെപി ജില്ല പ്രസിഡണ്ട് എന്‍ ഹരിദാസ്, ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. ബിജെപി തമിഴ്‌നാട് സംസ്‌ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയാണ് ജയകൃഷ്‌ണൻ അനുസ്‌മരണം ഉൽഘാടനം ചെയ്‌തത്.
Read also: മുല്ലപ്പെരിയാര്‍; തമിഴ്‌നാട് നിലപാടിനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്