ബഫർ സോണിൺ കടുത്ത പ്രതിഷേധം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട സമീപനം യോഗത്തിൽ പ്രധാന ചർച്ചയാകും. കൂടാതെ, ഉപഗ്രഹ സർവേ റിപ്പോർട് സമർപ്പിക്കുന്നതിനൊപ്പം വ്യക്‌തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട് നൽകാൻ അനുവാദവും തേടും.

By Trainee Reporter, Malabar News
Buffer zone -Chief Minister Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ തുടർനടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടു നിർണായക യോഗങ്ങൾ ചേരും. വൈകിട്ട് മൂന്ന് മണിക്കാണ് ഉന്നതതല യോഗം. വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട സമീപനം യോഗത്തിൽ പ്രധാന ചർച്ചയാകും.

കൂടാതെ, ഉപഗ്രഹ സർവേ റിപ്പോർട് സമർപ്പിക്കുന്നതിനൊപ്പം വ്യക്‌തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട് സമർപ്പിക്കാനായി അത്യവാങ്മൂലം നൽകാനാണ് സർക്കാർ നീക്കം. അതിനിടെ, സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയപരിധി നീട്ടാനാണ് സാധ്യത.

അതേസമയം, ഇടുക്കി ജില്ലയിലെ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകതകൾ കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുതൽ പരിശോധന ആരംഭിക്കും. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.

മൂന്ന് ദിവസത്തിനകം പരിശോധന നടത്തി റിപ്പോർട് നൽകണമെന്നാണ് ജില്ലാ കളക്‌ടർ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, വിഷയത്തിൽ പ്രതിഷേധങ്ങൾ കൂടിവരികയാണ്. തിരുവനന്തപുരത്തെ മലയോര മേഖലകളും ഇന്ന് മുതൽ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്. അമ്പൂരിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടക്കുക.

ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതൽ മേഖല വനാതിർത്തിയിൽ തന്നെ നിലനിർത്തണമെന്നാണ് ആവശ്യം. അതിനിടെ, വിഷയത്തിൽ കോൺഗ്രസിന്റെ സമരത്തിനും ഇന്ന് തുടക്കമാകും. കോഴിക്കോട് കൂരാച്ചുണ്ടിൽ വൈകിട്ട് മൂന്നരക്കാണ് സമരപ്രഖ്യാപന കൺവെൻഷൻ.

പ്രതിഷേധ പരിപാടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും. കർഷക സംഘടനകളുടെ പിന്തുണയിൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. അതേസമയം, ബഫർ സോൺ വിഷയത്തിൽ ശക്‌തമായ എതിർപ്പുമായി താമരശേരി രൂപതയും രംഗത്തുണ്ട്. പരിസ്‌ഥിതി ലോല മേഖല(ബഫർ സോൺ) നിർണയത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുകയാണ് താമരശേരി രൂപത.

നിർദ്ദിഷ്‌ട പരിസ്‌ഥിതി ലോല മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനജാഗ്രത യാത്ര ഇന്നലെ മുതൽ ആരംഭിച്ചു. ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു. ബഫർ സോൺ ആശങ്ക നിലനിൽക്കുന്ന വിവിധ മേഖലകളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ച് വിദഗ്‌ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചിട്ടുണ്ട്.

”ജീവനുള്ള കാലത്തോളം ബഫർ സോൺ അനുവദിക്കില്ലെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പരിഹാരം കാണണം. മറ്റ് സംസ്‌ഥാനങ്ങൾ സ്‌റ്റേ വാങ്ങി. കേരളം എന്തുകൊണ്ട് സ്‌റ്റേ വാങ്ങിയില്ലെന്നും അദ്ദേഹം ചോദിച്ചു. ഉപഗ്രഹ സർവേക്ക് പിന്നിൽ നിഗൂഢത ഉണ്ടെന്നും”- താമരശേരി ബിഷപ്പ് പറഞ്ഞു.

”സർക്കാർ നടപടിയിൽ അടിമുടി സംശയമുണ്ട്. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. ഈ സർക്കാരിന് മുന്നിലും തോൽക്കില്ല. ചോര ഒഴുക്കിയും ബഫർ സോൺ തടയുമെന്ന്” ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

Most Read: 21 വർഷത്തിന് ശേഷം സൗന്ദര്യ റാണി പട്ടം ഇന്ത്യയിലേക്ക്; കിരീടം ചൂടി സർഗം കൗശൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE