ന്യൂഡെൽഹി: ഇന്ത്യൻ ശതകോടീശ്വരനും വ്യവസായിയും മനുഷ്യസ്‌നേഹിയുമായ ശിവ് നാടാർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും ഒരുപടി മുന്നിൽ തന്നെയാണ്. സംരംഭകരുടെ ‘ഈഡൽഗിവ് ഹുറൂൺ ഇന്ത്യ’ പട്ടികയിൽ ഈ വർഷവും ശിവ് നാടാർ ഒന്നാം സ്‌ഥാനം നിലനിർത്തി. 2023 സാമ്പത്തിക വർഷത്തിൽ ഇതുവരെ 2042 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചത്. അതായത് പ്രതിദിനം ഏകദേശം 5.6 കോടി രൂപ.
വ്യവസായിയും എച്ച്സിഎൽ സഹ സ്‌ഥാപകനുമാണ് ശിവ് നാടാർ. കഴിഞ്ഞ രണ്ടു തവണയും പട്ടികയിൽ ഒന്നാം സ്‌ഥാനത്തായിരുന്നു ഇദ്ദേഹം. വിദ്യാഭ്യാസം, കല, സാഹിത്യം എന്നീ മേഖലകളിലാണ് നാടാർ സഹായം നൽകുന്നത്. ‘ഈഡൽഗിവ് ഹുറൂൺ ഇന്ത്യ’ പട്ടികയിൽ 24 പേരാണ് സ്‌ഥാനം പിടിച്ചത്. വിപ്രോ ചെയർമാൻ അസിം പ്രേംജിയാണ് രണ്ടാമതുള്ളത്. 1774 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നത്.
നന്ദൻ നിലേകനി, രോഹിണി നിലേകനി, നിതിൻ ആൻഡ് നിഖൽ കമ്മത്ത്, സുബ്രതോ ബാഗ്‌ചി ആൻഡ് സുസ്‌മിത, എഎം നായിക് എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയവർ. അതേസമയം, പട്ടികയിലെ മുൻനിരയിൽ ഏഴ് സ്‌ത്രീകൾ ഇടം നേടിയത് അഭിമാനമാണെന്ന് ഈഡൽഗിവ് ഫൗണ്ടേഷൻ സിഇഒ നഗ്‌മ മുല്ല ഫോബ്‌സ് മാസികയോട് വെളിപ്പെടുത്തി.
‘രോഹിണി നിലേകനി ഫിലാൻ ട്രോപിസ് സ്‌ഥാപക’ രോഹിണി നിലേകനി 170 കോടി രൂപയാണ് കീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കി വെച്ചത്. ഒരുകാലത്ത് ഈ പട്ടികയിൽ ഇടംനേടുന്ന ഏക വനിതയായിരുന്നു രോഹിണി. ഈ നിരയിലേക്ക് ഇപ്പോൾ സ്‌ത്രീകളുടെ എണ്ണം കൂടി. സെറോദ സഹ സ്‌ഥാപകരായ നിതിനും നിഖിലും 110 കോടി രൂപയാണ് കാലാവസ്‌ഥാ വ്യതിയാനത്തിനും പരിസ്‌ഥിതി സുസ്‌ഥിരതക്കും വേണ്ടി സംഭാവന ചെയ്‌തത്. നിഖിൽ കമ്മത്ത് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയാണ്.
അതേസമയം, അതിസമ്പരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളികളോ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്നവരോ ആയ മലയാളികളിൽ ആരും തന്നെ പട്ടികയിൽ ഇടം പിടിച്ചിട്ടില്ലെന്നത് ഏറെ കൗതുകകരമാണ്.
Most Read| ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ തെളിവ് എവിടെ? കാനഡയോട് ഇന്ത്യ