തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിൽ ഓർഡിനൻസ് വേണമെന്ന ആവശ്യം ആവർത്തിച്ച് യാക്കോബായ സഭ. സംസ്‌ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചനയുള്ളതായി മെത്രാപ്പോലീത്തൻ ട്രസ്‌റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്‌തമാക്കി.
സഭക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഷ്‌ടപ്പെട്ട 52 പള്ളികൾക്ക് മുന്നിൽ യാക്കോബായ പ്രതിഷേധം തുടരുകയാണ്. മുളന്തുരുത്തി, പിറവം അടക്കമുള്ള 52 പള്ളികൾക്ക് മുന്നിലും വിശ്വാസ സംരക്ഷണ സമര പരിപാടികൾ നടത്തി വരികയാണ്. ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലാണ് മുളന്തുരുത്തിയിൽ പ്രതിഷേധം നടക്കുന്നത്. സ്‌ഥലത്ത് സംഘർഷ സാധ്യത ഉള്ളതിനാൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: അപരന്‍മാര്‍ക്ക് ചിഹ്‌നം റോസാപ്പൂവ്; ബിജെപി ഹൈക്കോടതിയെ സമീപിക്കും
അതേസമയം, പള്ളികൾക്ക് മുന്നിൽ യാക്കോബായ വിശ്വാസികൾ റിലേ സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്. സഭാ തർക്കത്തിൽ ഓർത്തഡോക്‌സ് വിഭാഗവുമായി ഇനി ചർച്ചക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ യാക്കോബായ സഭ വ്യക്‌തമാക്കിയിരുന്നു.
നേരത്തെ തർക്കം പരിഹരിക്കാൻ മന്ത്രി സഭ ഉപസമിതിയെ നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല. യാക്കോബായ വിഭാഗം ചർച്ചക്ക് എത്തിയെങ്കിലും മറു വിഭാഗം വിട്ടു നിന്നു. സുപ്രീം കോടതിയിലടക്കം കേസ് നില നിൽക്കുന്നതിനാൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് അന്ന് ഓർത്തഡോക്‌സ് പക്ഷം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാക്കോബായ സഭ നിലപാട് കടുപ്പിച്ചത്.