സമ്പൂർണ അടച്ചിടൽ ജനങ്ങൾക്ക് തിരിച്ചടി; ശാസ്‌ത്രീയ രീതി പിന്തുടർന്ന് കേരളം

By News Desk, Malabar News
covid control-
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. സംസ്‌ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും.

കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കും. വാഹനങ്ങള്‍ നിരത്തിൽ ഇറങ്ങാതെയിരുന്നാല്‍ അത് എല്ലാവരേയും ബാധിക്കും. അതിനാല്‍ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്‌ത്രീയമായ സ്‌ട്രാറ്റജിയാണ് കേരളം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്‌ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും മന്ത്രി വ്യക്‌തമാക്കി. മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധനത്തിന് സംസ്‌ഥാനം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത് ശാസ്‌ത്രീയമായ സ്ട്രാറ്റജിയാണ്. കോവിഡ് ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്‌തമാണ് മൂന്നാം തരംഗം. ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്‌തമായ പ്രോട്ടോക്കോളില്ലായിരുന്നു. അതിനാലാണ് രാജ്യമാകമാനം ലോക്ക്‌ഡൗണിലേക്ക് പോയത്.

രണ്ടാം തരംഗ സമയത്ത് ജനുവരിയോടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. സംസ്‌ഥാനത്ത് 2021 മെയ് 12ന് ഏറ്റവും കൂടുതല്‍ കേസ് (43,529) റിപ്പോർട് ചെയ്‌തപ്പോള്‍ വാക്‌സിനേഷന്‍ 20 ശതമാനമാനത്തിന് അടുത്തായിരുന്നു. അതിന് ശേഷം പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആവിഷ്‌ക്കരിച്ചു. ഇപ്പോള്‍ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്. ഇതോടെ മഹാഭൂരിപക്ഷത്തിനും കോവിഡ് പ്രതിരോധ ശേഷി കൈവരിക്കാനായി. അതിനാലാണ് ഇപ്പോള്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിലാകുന്നവരുടെ എണ്ണം വളരെ കുറവാകുന്നത്.

നിലവില്‍ ആകെ 1,99,041 കോവിഡ് ആക്‌ടീവ്‌ കേസുകളില്‍ 3 ശതമാനം ആളുകൾള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. മെഡിക്കല്‍ കോളേജുകളിലെ ഐസിയുവില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോൺ വകഭേദം പെട്ടന്ന് വ്യാപിക്കുമെങ്കിലും ഗുരുതരാവസ്‌ഥ കുറവാണ്. എങ്കിലും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിൻ എടുക്കാത്തവരിലും രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

നിലവിൽ ടിപിആര്‍ മാനദണ്ഡമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിർദ്ദേശങ്ങളനുസരിച്ച് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തിയാല്‍ മതി. അതിനാല്‍ പരിശോധന നടത്തുന്ന വലിയൊരു വിഭാഗത്തിനും കോവിഡ് വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ സ്വാഭാവികമായും ടിപിആര്‍ ഉയര്‍ന്നു നില്‍ക്കും.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍, പീഡിയാട്രിക് സൗകര്യങ്ങള്‍ എന്നിവ വലിയ തോതില്‍ വര്‍ധിപ്പിച്ചു. 25 ആശുപത്രികളില്‍ 194 പുതിയ ഐസിയു യൂണിറ്റുകള്‍, 19 ആശുപത്രികളിലായി 146 എച്ച്‌ഡിയു യൂണിറ്റുകള്‍, 10 ആശുപത്രികളിലായി 36 പീഡിയാട്രിക് ഐസിയു യൂണിറ്റുകള്‍ എന്നിവ സജ്‌ജമാക്കി. ഇതുകൂടാതെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 12 കിടക്കകള്‍ വീതമുള്ള ഐസിയു, എച്ച്‌ഡിയു കിടക്കളും സജ്‌ജമാക്കി.

ആകെ 400 ഐസിയു, എച്ച്‌ഡിയു യൂണിറ്റുകളാണ് സജ്‌ജമാക്കിയത്. ചെറിയ കുഞ്ഞുങ്ങള്‍ മുതലുള്ള കുട്ടികള്‍ക്കുള്ള 99 വെന്റിലേറ്ററുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള 66 വെന്റിലേറ്ററുകള്‍, 100 പീഡിയാട്രിക് അഡള്‍ട്ട് വെന്റിലേറ്ററുകള്‍, 116 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ ഉള്‍പ്പടെ ആകെ 381 പുതിയ വെന്റിലേറ്ററുകള്‍ സജ്‌ജമാക്കി. ഇതുകൂടാതെ 147 ഹൈ ഫ്‌ളോ വെന്റിലേറ്ററുകളുടെ വിതരണവും പുരോഗമിക്കുകയാണ്.

മെഡിക്കല്‍ കോളേജുകളില്‍ 239 ഐസിയു, ഹൈ കെയര്‍ കിടക്കകള്‍, 222 വെന്റിലേറ്റര്‍, 85 പീഡിയാട്രിക് ഐസിയു കിടക്കകള്‍, 51 പീഡിയാട്രിക് വെന്റിലേറ്ററുകള്‍, 878 ഓക്‌സിജന്‍ കിടക്കള്‍, 113 സാധാരണ കിടക്കകള്‍ എന്നിവ ഉള്‍പ്പെടെ 1588 കിടക്കള്‍ പുതുതായി സജ്‌ജമാക്കിയിട്ടുണ്ട്.

ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1817.54 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്‌ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ക്വാറന്റെയ്‌നിലുള്ള ഡോക്‌ടർമാർ പോലും ഇ സഞ്‌ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്കായി മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്. ഗൃഹ പരിചരണം സംബന്ധിച്ച് ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, തദ്ദേശ സ്‌ഥാപന ജീവനക്കാര്‍, വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി ഐസിഡിഎസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ശനിയാഴ്‌ച പരിശീലനം നല്‍കുന്നുണ്ട്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

Also Read: ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ സിപിഎം സമ്മേളനങ്ങൾ മാറ്റിവെക്കണം; വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE