കോഴിക്കോട്: ഫറോക്ക് നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിനിടെ അംഗങ്ങൾ തമ്മിൽ സംഘർഷം. ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരുപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം തടഞ്ഞതാണ് നാടകീയ സംഭവങ്ങൾക്കിടയാക്കിയത്. തിങ്കളാഴ്‌ച കൗൺസിൽ യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് സംഘർഷമുണ്ടായത്.
എൽഡിഎഫ്- യുഡിഎഫ് വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. കുന്നത്ത്മോട്ട 14ആം വാർഡ് കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് എൽഡിഎഫ് കൗൺസിലർമാരുടെ പ്രധിഷേധമുണ്ടായത്. രാവിലെ 10.30ന് കൗൺസിൽ യോഗം തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കി ഹാളിൽ എത്തിയത്.
ഇതോടെ യുഡിഎഫ് അംഗങ്ങൾ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ചു ചുറ്റും വലയം തീർത്ത് പ്രതിരോധിച്ചു. എൽഡിഎഫ് കൗൺസിലർമാർ ചെരുപ്പ് മാലയുമായി അടുത്തേക്ക് വന്നതോടെയാണ് കയ്യാങ്കളിയുണ്ടായത്. പിടിവലിക്കിടെ ചില കൗൺസിലർമാർ നിലത്തുവീണു. മുക്കാൽ മണിക്കൂർ നീണ്ട പ്രതിഷേധം എൽഡിഎഫ് അംഗങ്ങൾ അവസാനിപ്പിച്ച ശേഷമാണ് കൗൺസിൽ തുടങ്ങിയത്.
മുന്നണി മാറി വാർഡിലെ ജനങ്ങളെ വഞ്ചിച്ച കൗൺസിലറുടെ നടപടിക്കെതിരെയാണ് പ്രതിഷേധിച്ചതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് പി ബിജീഷ് പറഞ്ഞു. ആർജെഡി അംഗമായിരുന്ന കൗൺസിലർ ഷനൂബിയ നിയാസ് കഴിഞ്ഞമാസം 26ന് മുസ്‌ലിം ലീഗിൽ ചേർന്നിരുന്നു. ഇതിന് ശേഷമുള്ള ആദ്യ നഗരസഭാ കൗൺസിൽ യോഗമായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ രണ്ടിന് പുലർച്ചെ ഷനൂബിയയുടെ വീടിന് നേരെ കല്ലേറുമുണ്ടായിരുന്നു.
Most Read| വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; കേസ് ഹൈക്കോടതി റദ്ദാക്കി