മുംബൈ: കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലും പഞ്ചാബിലും കൂടുതൽ നിയന്ത്രണങ്ങൾ. മഹാരാഷ്‌ട്രയിൽ മാർച്ച് 31 വരെ എല്ലാ തിയേറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും ഓഫീസുകളിലും 50 ശതമാനം പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്‌ഥാന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സംസ്‌ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.
വ്യവസായ സ്‌ഥാപനങ്ങൾക്കും മറ്റും പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്‌ട്രയിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ധാരാവിയിൽ അടക്കം പുതിയ കേസുകൾ റിപ്പോർട് ചെയ്‌തിരുന്നു.
പഞ്ചാബിൽ നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. സംസ്‌ഥാനത്ത് മാർച്ച് 31 വരെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കില്ല. തിയേറ്ററുകളിൽ 50 ശതമാനം പേർക്കും മാളുകളിൽ ഒരേ സമയം 100 പേർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കും.
ഈ ജില്ലകളിലെല്ലാം രാത്രി കർഫ്യു തുടരും. ഒൻപത് മണി മുതൽ അഞ്ച് മണി വരെയാണ് നിയന്ത്രണങ്ങൾ. ഞായറാഴ്‌ച മുതൽ ഭക്ഷണ ശാലകളും തുറക്കില്ല. എന്നാൽ, ഹോം ഡെലിവറി അനുവദിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.
Also Read: വാക്‌സിനുകള്‍ എല്ലാവർക്കും നൽകേണ്ടതില്ല; സാര്‍വത്രിക വിതരണമല്ല ലക്ഷ്യം; കേന്ദ്ര ആരോഗ്യമന്ത്രി