അണ്‍ലോക്ക് നാലാംഘട്ടം; വേണ്ടത് അതിജാഗ്രതയെന്ന് ആരോഗ്യ മന്ത്രി

By Staff Reporter, Malabar News
kerala image_malabar news
KK Shailaja
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം കഴിഞ്ഞതോടെയും കൂടുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം കണക്കിലെടുത്താണ് അതിജാഗ്രതാ നിര്‍ദേശം.

പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്. കൂടാതെ പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തു. മാത്രവുമല്ല ഓണാവധി കഴിഞ്ഞതോടെ ആളുകള്‍ക്ക് ജോലിക്കും മറ്റുമായി പുറത്തിറങ്ങേണ്ട അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചക്കിടെ രോഗ വ്യാപനം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അണ്‍ലോക്ക് നാലാംഘട്ടം വന്നതോടെ പല മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതോടെ ജനങ്ങള്‍ ഒരു പരിധിവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു – മൂക്കും വായും ശരിയായി മൂടത്തക്ക വിധം വൃത്തിയുള്ള മാസ്‌ക് ധരിക്കുക, വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിക്കുക, കൈകള്‍ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് അണു വിമുക്തമാക്കുകയോ ചെയ്യുക. കോവിഡിനെ ചെറുക്കാന്‍ ഇവ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്ര ഒഴിവാക്കുക. മാത്രവുമല്ല ഇത്തരക്കാര്‍ വീട്ടില്‍ തന്നെ കഴിയുകയും വീട്ടിലുള്ള മറ്റുള്ളവരുമായി അടുത്തിടപെടാതെയും വേണം. വലിയ ജാഗ്രതയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. ചെറിയ രോഗ ലക്ഷണമുണ്ടെങ്കില്‍ പോലും രോഗിയും മറ്റുള്ളവരും മാസ്‌ക് ധരിക്കുന്നത് രോഗവ്യാപനം തടയുന്നതിന്‌ അത്യാവശ്യമാണ്. രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ആര്‍ക്കും ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പറില്‍ ബന്ധപ്പെടാമെന്നും മന്ത്രി വ്യക്തമാക്കി.

പത്തുവയസിന് താഴെ പ്രായമുള്ള കുട്ടികളും 65 വയസ് കഴിഞ്ഞവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇവര്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ. കൂടാതെ വീടുകളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഉണ്ടെങ്കില്‍ റിവേഴ്സ് ക്വാറന്റൈനില്‍ കഴിയാന്‍ ശ്രദ്ധിക്കുകയും വേണം. കാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗം, പ്രമേഹം, രക്താദിസമ്മര്‍ദം തുടങ്ങിയവയുള്ള രോഗികളും ഡോക്ടറുടെ നിര്‍ദേശങ്ങളനുസരിച്ച് കോവിഡ് രോഗബാധക്കെതിരായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

വിദേശ രാജ്യങ്ങളില്‍ നിന്നും, അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഈ സമയത്ത് ആരോടും യാതൊരുവിധ സമ്പര്‍ക്കവും പാടില്ല. കൂടാതെ കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുകയും അവരുടെ നിര്‍ദേശപ്രകാരം രോഗ സ്ഥിരീകരണ പരിശോധനകളും ചികിത്സകളും നടത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE