ന്യൂ ഡെല്‍ഹി : ഹത്രസ് കൂട്ടബലാത്സംഗക്കേസില്‍ പ്രതിഷേധിച്ച് ബിജെപിയിലെ തന്നെ എംപിമാര്‍ രംഗത്ത്. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടിക്കാട്ടിയാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ദളിത് എംപിമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലും പുറത്തും തുടരുന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആദ്യം തുറന്നടിച്ചത് ബിജെപി എസ്‍സി മോര്‍ച്ച നേതാവും കൗശമ്പി എംപിയുമായ വിനോദ് കുമാര്‍ സോങ്കറാണ്. ഹത്രസ് സംഭവത്തിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നെന്നാണ് അദ്ദേഹം ആരോപിച്ചത്. ഒപ്പം തന്നെ ദളിതരെയും പാവപ്പെട്ട ആളുകളെയും ഉത്തര്‍പ്രദേശ് പോലീസ് പീഡിപ്പിക്കുകയാണെന്ന് എംപിയായ കൗശല്‍ കിഷോറും ആരോപണമുന്നയിച്ചു.
Read also : തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍
ഹത്രസ് പീഡനക്കേസിലെ പ്രതികളെയെല്ലാം തൂക്കിലേറ്റണമെന്നാണ് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വ്യക്തമാക്കിയത്. 2012 ല്‍ യുപിഎ സര്‍ക്കാരിനെതിരെ സ്‌മൃതി ഇറാനി നടത്തിയ പ്രതിഷേധവും ഇപ്പോള്‍ ബിജെപിക്ക് എതിരാകുകയാണ്. സ്‌ത്രീകളുടെ ജീവന് വിലയില്ലേ സ്‌ത്രീകള്‍ക്ക് ആര് സംരക്ഷണം നല്‍കും എന്ന് ചോദിച്ച് കൊണ്ട് സ്‌മൃതി ഇറാനി അന്നത്തെ യുപിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ച സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ആയിരുന്നു സ്‌മൃതി അന്ന് ശബ്‌ദമുയര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ അതേ വാചകങ്ങള്‍ ബിജെപിക്ക് എതിരെ ഇരുതല മൂര്‍ച്ചയുള്ള വാളായി മുന്നില്‍ വന്നിരിക്കുകയാണ്. ഭരണം മാറിയിട്ടും സ്ഥിതി മാറിയില്ലെന്ന കടുത്ത ആരോപണമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും യുപി സര്‍ക്കാരും നേരിടുന്നത്.
പാര്‍ട്ടിക്ക് പുറത്തും കടുത്ത വിമര്‍ശനങ്ങളാണ് ബിജെപി നേരിട്ട് കൊണ്ടിരിക്കുന്നത്. സംസ്ഥാന ഭരണത്തില്‍ ദളിത് ആളുകള്‍ അരക്ഷിതരാണെന്നും നിയമവാഴ്‌ചയല്ല ഗുണ്ടാ മാഫിയ വാഴ്‌ചയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നടക്കുന്നതെന്നും ബിഎസ്‍പി അധ്യക്ഷ മായാവതി ആരോപിച്ചു.
കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും കടുത്ത ആരോപണങ്ങളാണ് ബിജെപി ഇപ്പോള്‍ നേരിടുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദളിത് പിന്തുണ തിരിച്ചു പിടിക്കാനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നീക്കം നടത്തുന്നുമുണ്ട്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചും ജോലി വാഗ്ദാനം ചെയ്‌തും ബിജെപി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്.
Read also : ‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് എന്തിന്’; തരൂര്‍