ന്യൂഡെൽഹി: യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയ പ്രമുഖ അണുബാധാ രോഗ വിദഗ്‌ധനും ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ ഡോ. രാജേന്ദ്ര കപില ഫാർമസ്യൂട്ടിക്കൽ ഭീമൻ ഫൈസർ നിർമിച്ച കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തതായിരുന്നു. രണ്ടു ഡോസും യുഎസിൽ വച്ച് സ്വീകരിക്കുകയും രണ്ടാം ഡോസിന് ശേഷമുള്ള കാലാവധി പൂർത്തീകരിക്കുകയും ചെയ്‌തയാളാണ് ഡോ. രാജേന്ദ്ര കപില.
ഏപ്രിൽ 28ന് മരണമടഞ്ഞ ഇദ്ദേഹത്തിന് കോവിഡ് ബാധയേൽക്കുകയും ഗുരുതരമാകുകയും ചെയ്‌തത് കൊണ്ടാണ് മരണം ഉണ്ടായതെന്ന് മരണത്തിന് ശേഷം നടന്ന പഠനങ്ങൾ തെളിയിക്കുന്നതായി ആരോഗ്യരംഗത്തെ പ്രമുഖർ പറയുന്നു.
മാർച്ച് അവസാന വാരത്തിൽ ഭാര്യ ഡോ. ദീപ്‌തി സക്‌സേനയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ ഡോ. കപില ഏപ്രിൽ രണ്ടാം വാരത്തോടെ യുഎസിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ കോവിഡ് സ്‌ഥിരീകരിച്ചതോടെ അദ്ദേഹത്തെ ഡെൽഹി ശാന്തി മുകുന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഏപ്രിൽ 28ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.
“കഴിഞ്ഞ ഒരു വർഷമായി ഞാൻ ന്യൂജേഴ്‌സിയിലെ ഒരു കോവിഡ്-19 ലാബിൽ ജോലിചെയ്യുന്നു, എന്നാൽ വീട്ടിൽ സുരക്ഷിതമായ അന്തരീക്ഷം ഞങ്ങൾ ഉറപ്പു വരുത്തിയിരുന്നു”- കപിലയുടെ ഭാര്യ ഡോ. ദീപ്‌തി ദേശീയ മാദ്ധ്യമമായ ഹിന്ദുസ്‌ഥാൻ ടൈംസിനോട് പറഞ്ഞു. ഇദ്ദേഹം യുഎസിൽ വച്ച് ഫൈസർ വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിക്കുകയും രണ്ടാം ഡോസിന് ശേഷമുള്ള കാലാവധി പൂർത്തീകരിക്കുകയും ചെയ്‌തിരുന്നു എന്നും ഡോ. ദീപ്‌തി കൂട്ടിച്ചേർത്തു.
അതേസമയം, ജനിതകമാറ്റം സംഭവിച്ച വൈറസുകളെ പ്രതിരോധിക്കുന്നതിൽ ഫൈസറിന്റെ ഫലപ്രാപ്‌തി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല എന്നും ഇത്തരം സാഹചര്യങ്ങളിൽ രണ്ടെണ്ണത്തിനുപകരം അഞ്ചോ ആറോ ഡോസ് വാക്‌സിൻ പോലും ആവശ്യമായി വരുമെന്നും ചൈനയിലെ ആരോഗ്യ വിദഗ്‌ധർ വ്യക്‌തമാക്കിയതായി ചൈനീസ് മാദ്ധ്യമം ഗ്ളോബൽ ടൈംസ് റിപ്പോർട് ചെയ്യുന്നു.
കൂടാതെ മുതിർന്നവർക്കും, അമിതവണ്ണമുള്ളവർക്കും, വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും രണ്ട് ഡോസ് വാക്‌സിൻ ഫലപ്രദമായേക്കില്ല എന്നാണ് ചൈനീസ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരമൊരു സാഹചര്യത്തിൽ ഡോ. കപിലയുടെ മരണത്തിൽ കൂടുതൽ പഠനം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഗ്ളോബൽ ടൈംസ് റിപ്പോർട് ചെയ്യുന്നു.
Read also: ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും