ന്യൂഡെൽഹി: ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്‌ഥാനങ്ങൾക്ക് പിന്നാലെ കോൺഗ്രസ് എംപി ശശി തരൂരിനും രജ്‌ദീപ് സർദേശായി ഉൾപ്പടെയുള്ള മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവച്ച പോസ്‌റ്റുകളുടെയും കമന്റുകളുടെയും പേരിലാണ് കേസ് എടുത്തിരിക്കുന്നത്.
നഗരവാസിയായ ചിരഞ്‌ജീവ് കുമാറിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഡെൽഹി പോലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറിൽ, മധ്യ ഡെൽഹിയിലെ ഐടിഒയിൽ ഒരു കർഷകൻ മരിച്ച സംഭവത്തിൽ തരൂരും മറ്റുള്ളവരും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്‌റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു എന്നാണ് പറയുന്നത്.
ട്രാക്‌ടർ റാലിക്കായി അനുവദിച്ച സ്‌ഥലമല്ലാത്ത ചെങ്കോട്ടയിലും രാജ്യ തലസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിലും ആയിരക്കണക്കിന് കർഷകർ പ്രതിഷേധവുമായി പ്രവേശിച്ച സമയത്താണ് ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പോസ്‌റ്റ് ഇട്ടതെന്ന് എഫ്ഐആറിൽ പറയുന്നു.
മൃണാൾ പാണ്ഡെ, പരേഷ് നാഥ്, അനന്ത് നാഥ്, വിനോദ് കെ ജോസ് എന്നിവരാണ് ഡെൽഹി പോലീസിന്റെ എഫ്‌ഐആറിൽ പേരുള്ള മറ്റ് മാദ്ധ്യമ പ്രവർത്തകർ.
ഇതിന് മുൻപ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്‌ഥാനങ്ങളിലും തരൂരിനും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
Also Read: ട്രാക്‌ടർ റാലി; 84 പേര്‍ അറസ്‌റ്റില്‍, രജിസ്‌റ്റർ ചെയ്‌തത് 38 കേസുകള്‍