ന്യൂഡെൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് റിപ്പോർട്. സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിശദീകരണം.
പുതിയ തൊഴിൽ നിയമം വിജ്‌ഞാപനം ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാണെങ്കിലും സംസ്‌ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങൾ ഇതിന് തടസം സൃഷ്‌ടിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മാറ്റം വരുത്തിയാൽ നിയമം ഉടൻ തന്നെ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് തൊഴിൽ മേഖലയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾക്ക് കേന്ദ്ര സർക്കാർ രൂപം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഇൻഡസ്‌ട്രിയൽ റിലേഷൻസ് കോഡ്, തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സ്‌ഥിതിയും സംബന്ധിച്ച് നിയമം, വേതന നിയമം തുടങ്ങിയവയാണ് കേന്ദ്രം പാസാക്കിയത്.
അതേസമയം, കാർഷിക നിയമങ്ങൾക്ക് സമാനമായി കോർപറേറ്റുകൾക്കായി മോദി സർക്കാർ കൊണ്ടുവന്ന തൊഴിൽ നിയമങ്ങൾക്കെതിരെയും പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കർഷക സംഘടനകൾ. ഏപ്രിൽ ഒന്നിന് രാജ്യവ്യാപകമായി തൊഴില്‍ നിയമങ്ങളുടെ പകർപ്പുകൾ കത്തിക്കാനുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഹ്വാനത്തിന് കിസാൻസഭ അടക്കമുള്ള കർഷക സംഘടനകൾ പിന്തുണയറിയിച്ചിട്ടുണ്ട്.
Also Read: ബിജെപിയെ പോലെയല്ല, കോൺഗ്രസ് പറഞ്ഞ വാക്ക് പാലിക്കും; രാഹുൽ ഗാന്ധി