തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വയനാട്ടിലുടനീളം വ്യാപക പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പ്രതിഷേധവും റോഡ് ഉപരോധവും നടന്നു. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എന്ത് സാഹചര്യം വന്നാലും വയനാട്ടിലെ എംപി രാഹുൽ ഗാന്ധി തന്നെയാണെന്ന് നേതാക്കൾ പ്രതികരിച്ചു. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിധി അംഗീകരിക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ വ്യക്‌തമാക്കി. വയനാട്ടിൽ ശക്‌തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് ഡിസിസിയുടെ തീരുമാനം.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കെതിരെ തിരുവനന്തപുരത്ത് ഇടതു യുവജന സംഘടനയായ ഡിവൈഎസ്‌ഐ പ്രകടനം നടത്തി. രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിൽ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിന്റെ നടപടിക്കെതിരെയും പ്രതിപക്ഷ എംപിമാരെ ഡെൽഹിയിൽ അറസ്‌റ്റ് ചെയ്‌തതിന് എതിരേയുമാണ് തിരുവനന്തപുരം ഏജീസ് ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ഡെൽഹിയിൽ സമരം നടത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എഎ റഹീം എംപി ഉൾപ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്‌തതിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടി പ്രതിപക്ഷ നേതൃനിരയെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
Most Read: കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ; സ്‌റ്റാർ പദവി നൽകാൻ തീരുമാനം