പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ അതിർത്തികളിൽ എക്സൈസ് സംഘം നടത്തുന്ന പരിശോധന കർശനമാക്കി. പരിശോധനയുടെ ഭാഗമായി ജില്ലയിൽ നിന്നും അരക്കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി കർണാടക സ്വദേശി അറസ്റ്റിലായി. 20 ഗ്രാം മെത്താഫിറ്റമിൻ (എംഡിഎംഎ) ലഹരിമരുന്നുമായാണ് കർണാടക കൊടക് മടിക്കേരി സ്വദേശി ഇസ്മായിൽ(31) അറസ്റ്റിലായത്. ഇതോടൊപ്പം തന്നെ സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകളിൽ നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 100 കിലോ പുകയില ഉൽപ്പന്നങ്ങളും പിടികൂടി.
ബെംഗളൂരു വിമാനത്താവളം വഴി എത്തിച്ച എംഡിഎംഎ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് എക്സൈസ് സംഘം പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി എസ് രാജന്റെ നിർദേശ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ എ രമേശിന്റെ നേതൃത്വത്തിലുള്ള എഇസി സ്ക്വാഡും പാലക്കാട് റേഞ്ച് ഓഫീസ് ടീമും ചേർന്നാണു പരിശോധന നടത്തിയത്. സംസ്ഥാനാന്തര ലഹരി കടത്തു സംഘത്തിലെ പ്രധാനിയാണു പ്രതിയെന്നും ലഹരിമരുന്നിന്റെ യഥാർഥ ഉറവിടം തേടി അന്വേഷണം തുടങ്ങിയെന്നും അസിസ്റ്റന്റ് കമ്മീഷണർ എ രമേഷ് വ്യക്തമാക്കി.
Read also : കാലിന് പരിക്ക്; വീൽചെയറിൽ റോഡ് ഷോ നയിക്കാൻ മമത; പ്രകടനം ഇന്ന്