കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് ഇടയില്‍ ബോട്ട് മുങ്ങി 5 പേര് മരണപ്പെട്ടു. രണ്ട് ബോട്ടുകളിലായി ദുര്‍ഗാ ദേവിയുടെ ശില്പം ഒഴുക്കാന്‍ ശ്രമിക്കുന്ന സമയത്താണ് ദുരന്തം നടന്നത്. ആറ് പേരെയോളം കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന് സൂചനകളുണ്ട്.
മുര്‍ഷിദാബാദിലെ ബെല്ഡാങ്ങയിലാണ് സംഭവം നടന്നത്. രണ്ട് ബോട്ടുകളില്‍ തിങ്ങിനിറഞ്ഞ നിലയില്‍ സഞ്ചരിച്ച സംഘം ശില്പം ഒഴുക്കുന്നതിനിടെ നദിയിലേക്ക് നിയന്ത്രണം വിട്ട് പതിക്കുക ആയിരുന്നു.
കൊല്ലപ്പെട്ടവരും കാണാതായ ആളുകളും ശില്പത്തിന് അടിയില്‍ കുടുങ്ങുക ആയിരുന്നു. ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 5 പേര് മരണപ്പെട്ടിരുന്നു.
ഇവരില്‍ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സുഖേന്ദു ദെയ്(21), പികോണ്‍ പാല്(23), അരിന്ദം ബാനര്‍ജി(20), സോംനാഥ് ബാനര്‍ജി(22) എന്നിവരെയാണ് തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെ ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതാണ് ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
Read Also: ഹിന്ദുക്കളെ പോലെ മുസ്ലിങ്ങളും മൃതദേഹം ദഹിപ്പിക്കണം; വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്