കൊളംബോ: ശ്രീലങ്കയിലെ പള്ളികളിൽ 2019 ഈസ്‌റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ശ്രീലങ്കൻ മുൻമന്ത്രി റിഷാദ് ബതിയുദ്ദീനെയും സഹോദരൻ റിയാജ് ബതിയുദ്ദീനെയും 90 ദിവസത്തേക്ക് തടവിലാക്കും.
2019 ഏപ്രിൽ 21 ഈസ്‌റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ 274 പേർ കൊല്ലപ്പെടുകയും 542ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 11 ഇന്ത്യക്കാർക്കാണ് അന്ന് ജീവൻ നഷ്‌ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഏപ്രിൽ 24നാണ് റിഷാദ് ബതിയുദ്ദീനെയും സഹോദരൻ റിയാജിനെയും അറസ്‌റ്റ് ചെയ്‌തത്. ആക്രമണത്തിന് ഇവർ നൽകിയ സഹായത്തെ കുറിച്ചും ചാവേറുകൾക്ക് ആക്രമണത്തിന് പ്രേരണ നൽകിയോ എന്നതിനെ കുറിച്ചും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റിഷാദിനെയും റിയാജിനെയും തടവിലാക്കുന്നത്.
ശ്രീലങ്കയുടെ വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രിയായിരുന്നു റിഷാദ്. രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ സഖ്യകക്ഷി നേതാവ് കൂടിയാണ് ഇദ്ദേഹം. ബാങ്ക് അക്കൗണ്ടുകൾ, ചെക്ക് ഇടപാടുകൾ, ആശയവിനിമയങ്ങൾ എന്നിവ വിശദമായി പരിശോധിച്ചതിന് ശേഷമാണു റിഷാദിനെയും സഹോദരനെയും അറസ്‌റ്റ് ചെയ്‌തതെന്ന് ശ്രീലങ്കൻ പോലീസ് വക്‌താവ് അജിത് രോഹാന പറഞ്ഞു. കൊളംബോയിലെ മൂന്ന് പള്ളികളിലും ഒരു ആഡംബര ഹോട്ടലിലുമാണ് ആക്രമണം നടന്നത്. ഇവിടങ്ങളിൽ ചാവേർ ആക്രമണം നടത്തിയവരുമായി അടുത്ത ബന്ധം പുലർത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അക്രമികളിൽ ചിലർ റിഷാദുമായും സഹോദരനുമായും അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും അജിത് രോഹാന പറയുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് നിലവിൽ 702 പേർ കസ്‌റ്റഡിയിലുണ്ടെന്നും ഇതിൽ 202 പേരെ റിമാൻഡ് ചെയ്‌തിട്ടുണ്ടെന്നും അജിത് പറഞ്ഞു. അതേസമയം, മന്ത്രിയുടെയും സഹോദരന്റെയും അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ഇവരുടെ അഭിഭാഷകരുടെ വാദം.
Also Read: തൂത്തുക്കുടി സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കാൻ അനുമതി നൽകി സുപ്രീം കോടതി