പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കളക്‌ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. അന്വേഷിച്ചു ഉടൻ റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശം. സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല.
കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറിയിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചുമാണ് കമ്മീഷൻ റിപ്പോർട് ആവശ്യപ്പെട്ടത്. റിപ്പോർട് ലഭിച്ച ശേഷമാകും തുടർനടപടി. അതേസമയം, ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോൺഗ്രസും ട്രോളി ബാഗ് സമരത്തിനൊടുങ്ങുകയാണ്.
പൊതുജനങ്ങൾ സത്യമെന്താണെന്ന് അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനക്കെതിരെ കോൺഗ്രസും ശക്‌തമായ സമരമാർഗങ്ങളിലേക്ക് പോവുകയാണെന്നും യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രണ്ടാമത്തെ ബാഗിലും ദുരൂഹതയുണ്ടെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന്, അവ പോലീസ് പരിശോധിക്കട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി.
രണ്ടാമത്തെ ബാഗെടുക്കാൻ ധൃതി പിടിച്ചത് പെട്ടെന്ന് കോഴിക്കോട്ടേക്ക് പോകാനിറങ്ങുമ്പോഴാണ്. തന്റെയടുക്കൽ ഇപ്പോഴും വസ്‌ത്രങ്ങൾ അടങ്ങിയ ബാഗ് ഉണ്ടാവാറുണ്ട്. ഫ്‌ളാറ്റിൽ നിന്നല്ല വസ്‌ത്രങ്ങളുമായി കെപിഎം ഹോട്ടലിലേക്ക് വന്നത്. സംശയമുണ്ടെങ്കിൽ ഫ്‌ലാറ്റിലെ സിസിടിവിയും പരിശോധിക്കാമെന്നും രാഹുൽ പറഞ്ഞു.
അതേസമയം, ‘ചാക്കും ട്രോളിയും വേണ്ട, പാലക്കാടിന് വികസനം വേണം’ എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് കോട്ടമൈതാനത്ത് പ്രതിഷേധം നടത്തി. പ്രതിക്കൂട്ടിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലക്കാട് കാണിച്ചുതരുമെന്നും സത്യം തുറന്നുകാണിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രതിഷേധം ഉൽഘാടനം ചെയ്‌തുകൊണ്ട് പി സരിൻ പറഞ്ഞു.
അന്വേഷണം ഒരു വ്യക്‌തിയിലേക്ക് ചുരുങ്ങരുതെന്നും അങ്ങനെ ചെയ്‌താൽ രക്ഷപ്പെടുന്നത് മറ്റുപലരുമാണെന്നും പറഞ്ഞ സരിൻ, അടിക്കടി വേഷം മാറുന്നവരെയും വേഷങ്ങൾ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും കൂട്ടിച്ചേർത്തു.
അതിനിടെ, പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിനെതിരെ സിപിഐഎം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തില്ല. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയിൽ നിയമോപദേശം തേടാനാണ് പോലീസിന്റെ നീക്കം. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
Most Read| യുഎസ് തിരഞ്ഞെടുപ്പാഘാതം; പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു