മണ്ടേലയോട് അനാദരവ്; ട്രംപിനെതിരെ മുൻ അഭിഭാഷകൻ

By Desk Reporter, Malabar News
Nelson Mandela_2020 Sep 06
Ajwa Travels

വാഷിം​ഗ്ടൺ: ലോകത്തെ കറുത്തവർ​ഗക്കാരായ നേതാക്കളോട് യുഎസ് പ്രസിഡന്റിന് അവമതിപ്പും പുച്ഛവുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുൻ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഡൊണാൾഡ് ട്രംപിന്റെ പേഴ്സണൽ സെക്രട്ടറി കൂടി ആയിരുന്ന മൈക്കൽ കോഹൻ തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.

ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേല അടക്കമുള്ള നേതാക്കൾക്കും യുഎസിലെ ന്യൂനപക്ഷങ്ങൾക്കുമെതിരെ ട്രംപ് അപമാനകരമായ പരാമർശങ്ങൾ നടത്തിയിരുന്നതായും അദ്ദേഹം പറയുന്നു. അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണ് വെളിപ്പെടുത്തലെന്ന് വാഷിം​ഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മണ്ടേലയുടെ നേതൃത്വത്തെ ട്രംപ് അപമാനിച്ചതായി കോഹൻ ആരോപിക്കുന്നു. 2013ൽ നെൽസൺ മണ്ടേലയുടെ മരണവാർത്ത അറിഞ്ഞപ്പോൾ, അദ്ദേഹം ഒരു നേതാവ് ആയിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. കറുത്തവർ​ഗക്കാരായ വ്യക്തികൾ നേതൃത്വം നൽകുന്ന രാജ്യത്ത് വികസനം വരില്ലെന്നും ട്രംപ് പറഞ്ഞിരുന്നുവെന്നും പുസ്തകത്തിൽ പരാമർശമുള്ളതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കോഹനെതിരെ വൈറ്റ് ഹൗസ് വക്താവ് കെയ്‌ലി മക്ഇനാനി രം​ഗത്തെത്തി. “മൈക്കൽ കോഹൻ ഒരു കുറ്റവാളിയും അയോ​ഗ്യനാക്കപ്പെട്ട അഭിഭാഷകനുമാണ്, കോൺഗ്രസിനോട് കള്ളം പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു, നുണകളിൽ നിന്ന് ലാഭം നേടാനുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ശ്രമം കാണുമ്പോൾ അതിശയിക്കാനില്ല,”- മക്ഇനാനി പ്രസ്താവനയിൽ പറഞ്ഞു.

വർഷങ്ങളോളം ട്രംപിനൊപ്പം നിലയുറപ്പിച്ച കോഹൻ പിന്നീട് അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. യുഎസ് കോൺ​ഗ്രസിൽ തെറ്റായ പ്രസ്താവന നടത്തിയതടക്കമുള്ള കേസുകളിൽ മൂന്നുവർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് കോഹൻ ഇപ്പോൾ. ‘ഒറ്റുകാരൻ’ എന്നാണ് കോഹനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. ട്രംപ് അനുകൂലികളിൽ നിന്ന് നിരന്തരം വധഭീഷണി നേരിടുന്നുണ്ടെന്ന് കോഹൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE