കോവിഡ് പ്രതിരോധ വസ്‌തുക്കൾക്ക് വിപണിയിൽ അമിതവില; കർശന നടപടിയുമായി സർക്കാർ

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ആശുപത്രികളിലെ സൗകര്യക്കുറവ് മൂലം പല രോഗികളും വീടുകളിലാണ് ചികിൽസയിൽ കഴിയുന്നത്. ഈ സാഹചര്യത്തിലും കോവിഡ് അവശ്യവസ്‌തുക്കൾക്ക് അമിതവില ഈടാക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികൾ ഉയർന്നു വരികയാണ്. നേരത്തെ ഇത്തരം പരാതികൾക്ക് പരിഹാരമായി കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മാസ്‌ക്, സാനിറ്റൈസർ, പിപിഇ കിറ്റ് എന്നിവയടക്കം 15 ആവശ്യ വസ്‌തുക്കളുടെ വില നിശ്‌ചയിച്ച് ഉത്തരവിറക്കിയിരുന്നു.

എന്നാൽ, ഓക്‌സീമീറ്റർ അടക്കം ലഭ്യത കുറഞ്ഞ വസ്‌തുക്കൾക്ക് അനിയന്ത്രിതമായ വിലക്കയറ്റമാണ് വിപണിയിൽ. പ്രതിസന്ധി ഘട്ടത്തിലും ഇത്തരം വസ്‌തുകൾക്ക് വ്യാപാരികൾ അമിതവില ഈടാക്കുന്നുവെന്ന പരാതി വീണ്ടും വ്യാപകമായതോടെ വിഷയം ഇന്നലെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി. തുടർന്ന്, അവശ്യവസ്‌തു നിയന്ത്രണ നിയമ പ്രകാരം കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭക്ഷ്യ വകുപ്പിന് നിർദ്ദേശം നൽകി.

വില നിശ്‌ചയിച്ച് നേരത്തെ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും നിയമം നടപ്പാക്കാനുള്ള അധികാരം ലീഗൽ മെട്രോളജി വകുപ്പിന് ഔദ്യോഗികമായി നൽകിയിട്ടുണ്ടായിരുന്നില്ല. ഈ നിയമ പ്രശ്‌നം പരിഹരിച്ച് ഉടൻ തന്നെ പുതിയ വിജ്‌ഞാപനം പുറത്തിറക്കും. ഇതോടെ ലീഗൽ മെട്രോളജി, സിവിൽ സപ്‌ളൈസ്, ആരോഗ്യ വകുപ്പുകൾ സംയുക്‌തമായി പരിശോധന നടപടിയിലേക്ക് കടക്കും.

മെയ് 14ന് കോവിഡ് അവശ്യ വസ്‌തുക്കളുടെ വില നിശ്‌ചയിച്ച് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സിവിൽ സപ്‌ളൈസ് വിഭാഗത്തിനും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡ്രഗ്‌സ്‌ കൺട്രോളർക്കും മാത്രമേ പരാതികളിൽ നടപടിയെടുക്കാനാകൂ. ഈ രണ്ട് വിഭാഗങ്ങളും കോവിഡ് പ്രതിരോധത്തിന്റെയും ഭക്ഷ്യ വിതരണത്തിന്റെയും തിരക്കുകളിലുമാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേരള അവശ്യ വസ്‌തു നിയന്ത്രണ നിയമപ്രകാരം ലീഗൽ മെട്രോളജി വകുപ്പിനെ അധികാരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

പുതിയ വിജ്‌ഞാപനം ഇറങ്ങുന്നതിന് മുൻപ് തന്നെ കോവിഡ് പ്രതിരോധ വസ്‌തുക്കളുടെ അമിതവില കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ ലീഗൽ മെട്രോളജി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യ വസ്‌തുക്കളുടെ വില പരിശോധിക്കാൻ പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിനും നിർദ്ദേശമുണ്ട്.

Also Read: വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE