ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭയുടെ പ്രത്യേക കമ്മിറ്റി നവംബര്‍ 10ന് ഫേസ്ബുക്ക് മുന്‍ ജീവനക്കാരനായ മാര്‍ക്ക് എസ് ലൂക്കിയെ വിസ്‌തരിക്കും. ഫേസ്ബുക്കിനെതിരായ പരാതികളില്‍ പ്രധാന സാക്ഷിയാണ് ലക്കി. കമ്പനിയുടെ മുന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിസ്‌റ്റും, മാദ്ധ്യമ പ്രവര്‍ത്തകനുമാണ് മാര്‍ക്ക് എസ് ലൂക്കി.
തിരഞ്ഞെടുപ്പ് പ്രചാരണം, ഡെല്‍ഹി കലാപം എന്നിവയുടെ സമയത്ത് ഫേസ്ബുക്കിന്റെ പ്രവത്തനങ്ങള്‍ പക്ഷപാത പരമായിരുന്നു എന്നായിരുന്നു പരാതി. കൂടാതെ ഫേസ്ബുക്ക് വഴി വര്‍ഗീയത പടര്‍ത്തുന്നതും, വിദ്വേഷം പടര്‍ത്തുന്നതുമായ വിഷയങ്ങള്‍ പ്രചരിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
രാഘവ് ചദ്ദ ചെയര്‍മാനായ കമ്മിറ്റി നേരത്തെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ലൂക്കിയോട് കമ്മിറ്റി മുന്‍പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. 2017-18 കാലഘട്ടത്തില്‍ ഫേസ്ബുക്കിന്റെ നിര്‍ണായക സ്‌ഥാനത്ത് ഉണ്ടായിരുന്ന ലക്കിയുടെ മൊഴി കേസില്‍ പ്രധാനമാണ്.
തെറ്റായ രീതികള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം 2018 നവംബറില്‍ ഫേസ്ബുക്കിലെ ജോലി രാജിവെച്ചത്. സമുദായ സ്‌പർദ്ധ വളര്‍ത്തുന്ന തരത്തിലാണ് ഫേസ്ബുക്കിന്റെ നടപടികളെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നേരത്തെ കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ അവേഷ് തിവാരി, പ്രതീക് സിന്‍ഹ എന്നിവരും ഫേസ്ബുക്കിന് എതിരായാണ് മൊഴി നല്‍കിയത്. പല വിഷയങ്ങളിലും കൃത്യമായ നടപടി സ്വീകരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.
ആദ്യമായാണ് കമ്പനിയുടെ അന്താരാഷ്‌ട്ര തലത്തില്‍ ഉദ്യോഗസ്‌ഥന്‍ ആയിരുന്ന വ്യക്‌തി കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാവുന്നത്. അതിനാല്‍ ലൂക്കിയുടെ മൊഴി കേസില്‍ ഏറെ നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍.
Read Also: ‘നോട്ട് നിരോധനം വായ്‌പ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കാനുള്ള ശ്രമമായിരുന്നു’; രാഹുല്‍ ഗാന്ധി