സാക്രൽ എജെനെസിസ് (Sacral Agenesis) എന്ന രോഗാവസ്‌ഥ കാരണം ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന 14 വയസുകാരിയെ അപൂർവ ശസ്‌ത്രക്രിയ നടത്തി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് കോട്ടയം മെഡിക്കൽ കോളേജും സംസ്‌ഥാന ആരോഗ്യവകുപ്പും.
രോഗം കാരണം അറിയാതെ മലവും മൂത്രവും പോകുന്നത് മൂലം പെൺകുട്ടി വളരെയധികം ദുരിതമാണ് അനുഭവിച്ചത്. ദിവസവും അഞ്ചും ആറും ഡയപ്പറുകളാണ് കുട്ടിക്ക് ഉപയോഗിക്കേണ്ടി വരുന്നത്. സ്‌കൂളിലേക്ക് പോകുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും രോഗാവസ്‌ഥ കുട്ടിയെ മാനസികമായി ഏറെ തളർത്തിയിരുന്നു.
സ്‌കൂൾ ആരോഗ്യ പരിശോധനക്കിടെയാണ് പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകർ കാണുന്നത്. ലക്ഷങ്ങൾ ചിലവ് വരുന്ന സങ്കീർണമായ ഒരു ശസ്‌ത്രക്രിയ നടത്തിയാൽ കുട്ടിയുടെ അവസ്‌ഥ മെച്ചപ്പെടുത്താമെന്ന് ഡോക്‌ടർമാർ വിലയിരുത്തി. എന്നാൽ, നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശസ്‌ത്രക്രിയ ആയതിനാൽ പരാജയപ്പെട്ടാൽ ശരീരം പൂർണമായിത്തന്നെ തളർന്നുപോകാനും മലമൂത്ര വിസർജനം അറിയാൻ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ടായിരുന്നു.
അതിസങ്കീർണമായ ഈ ശസ്‌ത്രക്രിയയാണ് സർക്കാർ പദ്ധതികളിലൂടെ കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം വിജയകരമായി പൂർത്തിയാക്കിയത്. ശസ്‌ത്രക്രിയ നടത്തി പെൺകുട്ടിക്ക് സാധാരണ ജീവിതം തിരികെപ്പിടിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തെ മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇന്ന് ആ മകളുടെ പുഞ്ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. ആരോഗ്യപ്രവർത്തകരുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ് ആ 14 വയസുകാരിക്ക് സാധാരണ ജീവിതം ലഭിച്ചത്. സ്‌കൂൾ ആരോഗ്യ പരിശോധനക്കിടെയാണ് ആർബിഎസ്‌കെ നഴ്‌സ് ലീനാ തോമസ് അവളുടെ അവസ്‌ഥ കണ്ടെത്തിയത്. അറിയാതെ മലവും മൂത്രവും പോകുന്നത് മൂലം ദിവസവും അഞ്ചും ആറും ഡയപ്പറുകളാണ് മാറിമാറി അവൾ ധരിക്കേണ്ടിയിരുന്നത്. സാക്രൽ എജെനെസിസ് കാരണമാണ് അറിയാതെ മലവും മൂത്രവും പോകുന്ന അവസ്‌ഥ ഉണ്ടായിരുന്നത്.
ലക്ഷങ്ങൾ ചിലവ് വരുന്ന സങ്കീർണ ശസ്‌ത്രക്രിയ നടത്തിയാൽ ഈ മകൾക്ക് സാധാരണ ജീവിതം നയിക്കാനാകുമെന്ന് പരിശോധനയ്‌ക്ക് ശേഷം ഡോക്‌ടർമാർ വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ഈ ശസ്‌ത്രക്രിയ വിജയകരമായി നടത്തി. സ്വകാര്യ ആശുപത്രികളിൽ അഞ്ചുലക്ഷത്തോളം ചിലവ് വരുന്ന ശസ്‌ത്രക്രിയ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് നടത്തിയത്.
ആർബിഎസ്‌കെ നഴ്‌സ് ലീനാ തോമസ്, ആർബിഎസ്‌കെ കോ-ഓർഡിനേറ്റർ ഷേർളി സെബാസ്‌റ്റ്യൻ, ആശാ പ്രവർത്തക ഗീതാമ്മ, ഡിഇഐസി മാനേജർ അരുൺകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ്, കോട്ടയം മെഡിക്കൽ കോളേജിലെ ടീം തുടങ്ങിയ മുഴുവൻ പേരെയും അഭിനന്ദിക്കുന്നു. ഇതിന് നേതൃത്വം നൽകിയ സ്‌റ്റേറ്റ് നോഡൽ ഓഫീസർ ഡോ. രാഹുൽ ഇന്ന് ഈ കുട്ടിയെ സന്ദർശിച്ചു. അപ്പോഴാണ് വീഡിയോ കോളിലൂടെ ആ മകളുമായി സംസാരിച്ചത്.
സ്‌കൂൾ ആരോഗ്യ പരിപാടി നമ്മുടെ സംസ്‌ഥാനത്തെ ആരോഗ്യ സംരക്ഷണ പരിപാടികളിൽ പ്രധാനപ്പെട്ട ഒന്നാണ്. അതിന് സവിശേഷ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് ഈ കാലഘട്ടത്തിൽ സംസ്‌ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. ജനകീയ പങ്കാളിത്തത്തോടെയും വിപുലമായ പ്രവർത്തനങ്ങളോടെയുമുള്ള സ്‌കൂൾ ആരോഗ്യ പരിപാടിയുടെ ഔപചാരിക സംസ്‌ഥാനതല ഉൽഘാടനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’