അധോലോക കുറ്റവാളികളായ ഛോട്ടാ രാജനും മുന്നാ ബജ്‌രംഗിയും തപാൽ സ്‌റ്റാമ്പിൽ

By Desk Reporter, Malabar News
Chhota-Rajan,-Munna-Bajrangi-on-stamps
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്റെയും മുന്നാ ബജ്‌രംഗിയുടെയും ചിത്രം പതിച്ച തപാൽ സ്‌റ്റാമ്പ് പുറത്തിറക്കിയത് വിവാദമാകുന്നു. തപാല്‍വകുപ്പ് നടപ്പിലാക്കിയ ‘മൈ സ്‌റ്റാമ്പ്’ പദ്ധതിയിലൂടെ പുറത്തിറക്കിയ സ്‌റ്റാമ്പിലാണ് അധോലോക കുറ്റവാളി ഛോട്ടാ രാജന്റെയും ഗുണ്ടാനേതാവ് മുന്നാ ബജ്‌രംഗിയുടെയും ചിത്രം പതിച്ചിരിക്കുന്നത്.

‘മൈ സ്‌റ്റാമ്പ്’ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിപ്പിച്ച് സ്‌റ്റാമ്പ് പുറത്തിറക്കാനുള്ള സൗകര്യമുണ്ട്. വ്യക്‌തിഗത ചിത്രങ്ങള്‍ക്കൊപ്പം രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്‌ഥലങ്ങളുടേയോ സ്‌ഥാപനങ്ങളുടേയോ സാംസ്‌കാരിക നിലയങ്ങളുടേയോ നഗരങ്ങളുടേയോ ചിത്രങ്ങളോ മൃഗങ്ങളുടേയോ പക്ഷികളുടേയോ പ്രകൃതിയുടേയോ ചിത്രങ്ങളോ സ്‌റ്റാമ്പിൽ ഉള്‍പെടുത്താം. ഒരു സ്‌റ്റാമ്പിന് അഞ്ച് രൂപ വിലയുള്ള 12 സ്‌റ്റാമ്പുകളടങ്ങിയ ഷീറ്റിന് 300 രൂപയാണ് വില.

തപാല്‍വകുപ്പിന്റെ മൈ സ്‌റ്റാമ്പ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഛോട്ടാ രാജന്റെ ചിത്രമുള്ള 24 സ്‌റ്റാമ്പുകളടങ്ങിയ രണ്ട് ഷീറ്റുകള്‍ അച്ചടിച്ചിരിക്കുന്നത്. 600 രൂപ സ്‌റ്റാമ്പിനായി തപാല്‍ വകുപ്പില്‍ അടച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

മൈ സ്‌റ്റാമ്പ് പദ്ധതി പ്രകാരം ഒരാൾക്ക് ആവശ്യമായ രേഖകൾ നൽകി തന്റെ ചിത്രമുള്ള തപാൽ സ്‌റ്റാമ്പ് നേടാനാകുമെന്ന് കാൺപൂരിലെ ഹെഡ് പോസ്‌റ്റ് ഓഫീസ് പോസ്‌റ്റ് മാസ്‌റ്റർ ജനറൽ വിനോദ് കുമാർ വർമ പറഞ്ഞു. സ്വന്തം ചിത്രമുള്ള തപാൽ സ്‌റ്റാമ്പ് നേടുന്നതിന് വ്യക്‌തികൾ നേരിട്ടെത്തി രേഖകൾ നൽകണം. അതിനുശേഷം, അവരുടെ ഫോട്ടോ വെബ്‌ക്യാം വഴി എടുക്കും. ഈ പ്രക്രിയകൾ പൂർത്തിയാക്കിയതിന് ശേഷമാണ് തപാൽ സ്‌റ്റാമ്പ് നൽകുന്നതെന്നും വിനോദ് കുമാർ വർമ പറയുന്നു.

ഈ പ്രക്രിയകൾ പൂർത്തിയാക്കിയെങ്കിലേ സ്‌റ്റാമ്പ് ലഭിക്കൂവെങ്കിൽ പിന്നെ എങ്ങനെ ഛോട്ടാ രാജന്റെയും മുന്നാ ബജ്‌രംഗിയുടെയും ചിത്രം പതിച്ച തപാൽ സ്‌റ്റാമ്പ് പുറത്തിറങ്ങി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ; “പോസ്‌റ്റ് ഓഫീസിൽ എത്തിയ ഒരാൾ മുന്ന ബജ്‌രംഗി (പ്രേം പ്രകാശ്), ഛോട്ടാ രാജൻ (രാജേന്ദ്ര എസ്) എന്നിവരുടെ പേരുകളിൽ ഫോം പൂരിപ്പിച്ചിരുന്നു. അയാൾ അവരുടെ ചിത്രങ്ങൾ നൽകുകയും സ്വന്തം തിരിച്ചറിയൽ കാർഡ് സമർപ്പിക്കുകയും ചെയ്‌തു. പോസ്‌റ്റ്മാൻ ചോദിച്ചപ്പോൾ, ആ വ്യക്‌തിയെ തനിക്ക് പരിചയമുണ്ടെന്ന് അയാൾ പറഞ്ഞു. പോസ്‌റ്റ്മാൻ ആ മറുപടി വിശ്വസിക്കുകയും അന്വേഷിക്കാതെ സ്‌റ്റാമ്പ് അച്ചടിക്കുകയും ചെയ്‌തു.”

രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായതോ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായതോ മറ്റൊരാളെ ഏതെങ്കിലും രീതിയില്‍ വ്രണപ്പെടുത്തുന്നതോ ആയ ചിത്രങ്ങള്‍ മൈ സ്‌റ്റാമ്പ് പദ്ധതിക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്. തപാല്‍ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്‌ചയാണെന്നാണ് വിലയിരുത്തല്‍.

ഛോട്ടാരാജന്റെ ചിത്രം അച്ചടിക്കാന്‍ ആവശ്യപ്പെട്ട് പണം നല്‍കിയയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തപാല്‍ വകുപ്പ്. സംഭവത്തിൽ രജനീഷ് ബാബു എന്ന ക്ളർക്കിനെ സസ്‌പെൻഡ് ചെയ്‌തു. ആറ് ജീവനക്കാർക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Also Read:  കർഷകരെ വേണ്ടാത്തവർക്ക് ഇവിടെ പ്രവേശനമില്ല; ഹരിയാനയിലെ ഗ്രാമങ്ങളിൽ ബിജെപിക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE