ഹാരിസ് മാഷ്; അധ്യാപനം തൊഴിലിനപ്പുറം രാഷ്‌ട്ര സേവനമാക്കിയ മാഷ്

By Central Desk, Malabar News
Haris Mash; He doing national service beyond teaching
ഹാരിസ് മാഷ് (വലത്ത്)
Ajwa Travels

മലപ്പുറം: ക്‌ളാസ് മുറിയിലെ അധ്യാപന രീതികൾക്കപ്പുറം കുട്ടികളുടെ ഭാവികൂടി ഭദ്രമാക്കാൻ ശ്രമിക്കുന്ന ഹാരിസ് മാഷ് നിലമ്പൂർ പരിസരങ്ങളിലെ ഗോത്രവർഗ മേഖലയിൽ പുതിയ പാഠങ്ങൾ എഴുതുകയാണ്. തന്റെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പ്ളസ് ടു പാസായ ഗോത്രവർഗ മേഖലയിലെ 25 കുട്ടികളിൽ 18 പേർക്കും വിവിധ കോളേജുകളിൽ പ്രവേശനം നേടികൊടുത്താണ് ഇദ്ദേഹം പുതിയ ചരിത്രം തീർക്കുന്നത്.

ഗോത്രവർഗ കുട്ടികൾ മാത്രം പഠിക്കുന്ന നിലമ്പൂർ വെളിയംതോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ ഹയർ സെക്കന്ററി വിഭാഗം അധ്യാപകനാണ് കെപി ഹാരിസ് എന്ന ഹാരിസ് മാഷ്. കുട്ടിപോലീസിന്റെ കൂടി ചുമതല വഹിക്കുന്ന ഇദ്ദേഹം അധ്യാപനത്തെ തൊഴിലിനപ്പുറം രാഷ്‌ട്രസേവനവും ആത്‌മവഴിയുമായി കാണുന്ന വ്യക്‌തിയാണ്‌.

കാടും മലയും കയറി ഗോത്രവർഗ ഊരുകളിലെത്തിയാണ് പലപ്പോഴും ഹാരിസ് മാഷ് കുട്ടികൾക്കും കുടുംബങ്ങൾക്കും വിദ്യയും ലക്ഷ്യബോധവും പകർന്നു നൽകുന്നത്. നൻമയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും പുതിയ പാഠങ്ങൾ മാഷിൽ നിന്ന് പഠിക്കുന്ന ഗോത്രവർഗ കുട്ടികളിൽ പലരുമിപ്പോൾ വലിയ സ്വപ്‍നങ്ങൾ കാണാൻ ആരംഭിച്ചിരിക്കുന്നു.

സാധാരണ പ്ളസ് ടു കഴിഞ്ഞാൽ കാടിന്റെ ഉള്ളറകളിലേക്ക് മടങ്ങി അവരവരുടെ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെടുകയാണ് ഗോത്രവർഗ വിദ്യാർഥികൾ ചെയ്യാറ്. വിദ്യാഭ്യാസത്തിന്റെ മേൻമ വശമില്ലാത്ത ഇവരുടെ രക്ഷാകർത്താക്കളാവട്ടെ കുട്ടികളുടെ ഉപരിപഠന സാധ്യത തേടാറുമില്ല.

KP Haris Mash _ IGMMR School Nilambur

ഇതറിയാവുന്ന ഹാരിസ് മാഷ് ഇത്തവണ അങ്ങനെയായാൽ പറ്റില്ലെന്ന് തീരുമാനിച്ചു. പരമാവധി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയർത്താൻ ഉറപ്പിച്ച മാഷ്, പാസായ കുട്ടികളെ അവരുടെ ഊരുകളിൽ പോയികണ്ട്, വിദ്യയുടെ മഹത്വം നിരന്തര ബന്ധത്തിലൂടെ പറഞ്ഞു മനസിലാക്കി നൽകി. ശേഷം, ഇവരെയെല്ലാം അക്ഷയ സെന്ററുകളിൽ എത്തിച്ച് ഡിഗ്രി പ്രവേശനത്തിന് ആവശ്യമായ അപേക്ഷ സമർപ്പിക്കുന്ന ജോലികൂടി ഹാരിസ് മാഷ് പൂർത്തീകരിച്ചു.

യാത്ര ഉൾപ്പടെയുള്ള എല്ലാ ചെലവുകളും തന്റെ ചെറിയ വരുമാനത്തിൽ നിന്ന് തന്നെ കണ്ടെത്തിയാണ് ഈ ശ്രമകരമായ ദൗത്യം ഇദ്ദേഹം നിർവഹിച്ചത്. ശ്രമം വിഫലമായില്ല, 10 പെൺകുട്ടികളും 8 ആൺകുട്ടികളും ഉൾപ്പടെ ഗോത്രവർഗ മേഖലയിലെ 18 പേർ വിവിധ കോളേജുകളിൽ പ്രവേശനം നേടി!

Haris Mash; He doing national service beyond teaching
Representational Image

ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഗോത്ര വർഗ കുട്ടികൾ മലപ്പുറം ജില്ലയിൽ നിന്ന് ഡിഗ്രിക്ക് പ്രവേശനം നേടുന്നത്. ഇതിൽ മലപ്പുറത്തു തന്നെ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് താമസിക്കാൻ വാടക വീടും ഇദ്ദേഹം കണ്ടെത്തി നൽകി. മുണ്ടക്കടവ് പാട്ടകരിമ്പ് കോളനികളിലെ നന്ദു, വിഘ്‌നേഷ് എന്നിവരെ കുഴൽമന്ദം പട്ടിക ജാതി എംആർഎസ് സ്‌കൂളിൽ അവർക്കിഷ്‌ടപ്പെട്ട സിലബസിൽ പ്രവേശനത്തിനായി സ്വന്തം ചെലവിൽ കൊണ്ടുപോയതും ഈ അധ്യാപകനാണ്‘ – കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി, മലബാർ ന്യൂസ്‌ പ്രതിനിധിയോട് പറഞ്ഞു.

നിലമ്പൂരിൽ നിന്നും കേൾക്കുന്നത് നൻമയുടെ, മനുഷ്യത്വത്തിന്റ വലിയ മാതൃകയാണ്. ഇത്തരം നല്ല മാതൃകകൾ ജാതി-മത-വർഗ-വർണ ചിന്തകൾക്കതീതമായി പൊതു മണ്ഡലത്തിൽ ഇനിയും ഉയർന്ന്‌ വരണം. അതിനു വേണ്ട എല്ലാ പ്രോൽസാഹനങ്ങളും കേരള മുസ്‌ലിം ജമാഅത്ത് നൽകും; ജമാൽ കരുളായി പറഞ്ഞു.

Haris Mash; He doing national service beyond teaching
Representational Image

ഒക്‌ടോബർ 9ന് മലപ്പുറം റൂബി ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘വികസന വിവേചനത്തിന് മലപ്പുറത്തിന്റെ തിരുത്ത്’ എന്ന തലകെട്ടിൽ ജില്ലാ വികസന രേഖ ചർച്ച ചെയ്യുന്നുണ്ട്. ഈ പരിപാടിയിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ ഹാരിസ് മാഷിന് അനുമോദനം നൽകാൻ കേരള മുസ്‌ലിം ജമാഅത്ത് തീരുമാനിച്ചതായും ജമാൽ കരുളായി കൂട്ടി ചേർത്തു.

Most Read: ഇന്ത്യയിൽ വിദേശ ടൂറിസ്‌റ്റുകൾക്ക് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE