മസ്‌ക്കറ്റ്: വടക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നതായി മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‌ക്കറ്റ് ഗവർണറേറ്റ് തീരത്ത് നിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കാറ്റഗറി- 1 ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ഒമാന്റെ കടൽ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കാൻ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. മസ്‌ക്കറ്റ്, ബാത്തിന എന്നീ ഗവർണറേറ്റുകളിലെ തീരപ്രദേശങ്ങളിൽ ഞായറാഴ്‌ച രാവിലെ മുതൽ ശക്‌തമായ കാറ്റോട് കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ശക്‌തമായ വെള്ളപ്പാച്ചിൽ ഉണ്ടാകുമെന്നും സിവിൽ ഏവിയേഷന്റെ അറിയിപ്പിൽ പറയുന്നു.
ഒക്‌ടോബർ മൂന്നാം തീയതി ഞായറാഴ്‌ച വൈകുന്നേരത്തോട് കൂടിയായിരിക്കും ഷഹീൻ ചുഴലിക്കാറ്റ് മസ്‌ക്കറ്റ് ബാത്തിന ഗവർണറേറ്റുകളിലെ തീരം തൊടുന്നത്. മൽസ്യബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളർത്തൽ തുടങ്ങിയ കൃഷികളിൽ ഏർപ്പെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഒമാൻ കൃഷി- മൽസ്യ- ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Also Read: നിഥിനയുടെ കൊലപാതകം; പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ പകയെന്ന് പ്രതി