ഹൈദരലി തങ്ങളെന്ന ‘സ്‌നേഹാർദ്രത’ പടിയിറങ്ങി; വിയോഗവിടവ് കനത്തനഷ്‌ടം

വിദ്വേഷ രഹിതമായ കാരുണ്യവും സ്‌നേഹവും ഇഴചേർത്ത് ഓരോ ദിവസവും എത്രയെത്ര ആളുകൾക്കാണ് ആ മനസും സമ്പാദ്യവും ബന്ധങ്ങളും തണലേകിയിരുന്നത്. ഇതല്ലേ സ്വാർഥകമായ ജീവിതം.

By Esahaque Eswaramangalam, Chief Editor
  • Follow author on
Hyderali Shihab Thangal Passed Away; Malabar News Editorial
Image Courtesy: IUML Twitter
Ajwa Travels

മുസ്‌ലിംലീഗ് എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ സംസ്‌ഥാന അധ്യക്ഷന്‍, ഒട്ടനേകം ചുമതലകൾ വഹിച്ചിരുന്ന മുസ്‌ലിം ആത്‌മീയ നേതാവ്, നാട്യങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ച, വര്‍ഗീയ ശക്‌തികളെ പടിക്കുപുറത്ത് നിറുത്തിയ സമാധാന സ്‌നേഹിയായ മനുഷ്യൻ..

ഈ വിശേഷണങ്ങൾക്കപ്പുറം, ഏതു മതസ്‌ഥർക്കും സമീപിക്കാവുന്ന ‘ആത്‌മ ദര്‍ശനം’ സ്വയം ആവിഷ്‌കരിക്കുകയും അതിലൂടെ മലബാറിന്റെ ഹൃദയ ധമനികളിൽ ആർദ്രതയുടെ വേരോട്ടം നടത്തുകയും ചെയ്‌ത തണൽമരമായിരുന്നു ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

ജനാധിപത്യ-മതേതര ബോധം ആഴത്തിലോടിയ മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയം മുറുകെപിടിക്കുന്നതിനൊപ്പം സമൂഹത്തിലെ അശരണരായ അനേകായിരം പേർക്ക് രാഷ്‌ട്രീയ-മത ബോധ്യത്തിനപ്പുറം തണൽവിരിച്ച മഹാമനുഷ്യനെന്ന രീതിയിലാണ് ഇദ്ദേഹത്തിനെ മലബാറിലെ ഒട്ടുമിക്ക ‘മനുഷ്യ ഹൃദയങ്ങളും’ ഓർക്കുക.

പുലർകാലത്ത് അഞ്ചുമണിയോടെ തുടങ്ങുന്ന ഇദ്ദേഹത്തിന്റെ സജീവത, രാത്രി ഏറെവൈകിയാലും തുടരും. ഉറക്കകുറവും നിരന്തര പരിപാടികളുടെ ക്ഷീണവും രാഷ്‌ട്രീയ സമ്മർദ്ദങ്ങളും വേട്ടയാടുമ്പോഴും മുഖത്ത് തെളിഞ്ഞുനിൽക്കുന്ന ആ ശോഭ കെടാറില്ല. മാത്രവുമല്ല, മുന്നിലിരിക്കുന്ന വ്യക്‌തിയെ പൂർണമായും സ്വാന്തനിപ്പിക്കുന്ന ആ കരുതൽ നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും.

Hyderali Shihab Thangal Passed Away; Malabar News Editorial

2019 സെപ്‌റ്റംബറിലാണ് കോഴിക്കോട് നിന്ന് വരുന്നവഴി ഭാര്യയുമായി പാണക്കാട് ഇദ്ദേഹത്തിനെ കാണാൻ ചെല്ലുന്നത്. മലബാർ ന്യൂസ് വാർത്താ പോർട്ടലിന്റെ ഔദ്യോഗിക പുനരാംഭിക്കൽ, 2020 മാർച്ച് 7 ശനിയാഴ്‌ച ഒരു ചടങ്ങായി നടത്താൻ അന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. (കോവിഡ് പ്രതിസന്ധി കാരണം പരിപാടി പിന്നീട് അനിശ്‌ചിത കാലത്തേക്ക് മാറ്റിവച്ചു) മലബാറിലെ ഏറ്റവും പ്രസിദ്ധനായ വ്യക്‌തി എന്ന നിലയിൽ ഇദ്ദേഹത്തെ ആദ്യം ക്ഷണിക്കാം എന്ന് കരുതിയാണ് പാണക്കാട് എത്തുന്നത്. ഇതായിരുന്നു ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കൂടികാഴ്‌ചയും.

Hyderali Shihab Thangal Passed Away; Malabar News Editorial

ഞങ്ങളെത്തുന്ന ആ സായാഹ്‌നത്തിൽ നല്ല തിരക്കുണ്ട്. എറണാകുളം പോകുന്ന വഴിയാണെന്നും 5 മിനിറ്റ് സമയം മതിയെന്നും ഇദ്ദേഹത്തെ ആദ്യം വിളിച്ചുപറഞ്ഞിരുന്നു. വീടിന് പുറത്ത് വണ്ടിപാർക്ക് ചെയ്‌ത ശേഷം വീണ്ടുംവിളിച്ചു. അകത്തേക്ക് വരാൻ നിർദ്ദേശം ലഭിച്ചു. ഒരാൾ വന്നു ഞങ്ങൾക്ക് വഴിയൊരുക്കി. അരികിലെത്തുമ്പോഴും നിരവധി ആളുകളുണ്ട് ചുറ്റും. എങ്കിലും അദ്ദേഹം സമീപമുള്ള ഒരു മുറിയിലേക്ക് ഞങ്ങളെ ക്ഷണിച്ചു.

അപ്പോഴേക്കും ഞങ്ങൾക്ക് കുടിക്കാൻ ചായയുമായി ഒരാളെത്തി. ഞങ്ങളോട് ഇരിക്കാൻ പറഞ്ഞ ശേഷം, അല്ല, ഞങ്ങളിരുന്നു എന്ന് ഉറപ്പാക്കിയ ശേഷം അദ്ദേഹവും ആ മുറിയിലെ കസേരയിൽ ഇരുന്നു. ഹൃദ്യവും, സൗമ്യവും, സ്‌നേഹ സമീപനവും ഇഴചേർത്ത് അദ്ദേഹം കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ‘എത്താൻ ഞാൻ ശ്രമിക്കും. ഫെബ്രുവരി ആദ്യവാരത്തിൽ ഒന്നുകൂടി വിളിക്കണം’ എന്ന് പറഞ്ഞുകൊണ്ടദ്ദേഹം ഞങ്ങളെ യാത്രയാക്കി.

Hyderali Shihab Thangal Passed Away; Malabar News Editorial

രാഷ്‌ട്രീയ ചിന്തയിലും വിശ്വാസപരമായ കാര്യങ്ങളിലും, ചിലപ്പോൾ പരിഹരിക്കാൻ കഴിയാത്തവിധം എതിർഭാഗത്തുള്ള എനിക്ക് അദ്ദേഹത്തിനെ കാണുന്നതുവരെ ഉണ്ടായിരുന്ന എല്ലാ മുൻധാരണകളും ഒരൊറ്റ കൂടിക്കാഴ്‌ചയിൽ അലിഞ്ഞില്ലാതായത് അവിടെ നിന്നിറങ്ങുമ്പോൾ അനുഭവിക്കാൻ കഴിഞ്ഞിരുന്നു. കയറിച്ചെല്ലുമ്പോൾ അവിടെ കണ്ട, എന്നെ സംബന്ധിച്ചിടത്തോളം ഉൾകൊള്ളാൻ കഴിയാത്ത ചില വിശ്വാസപരമായ കാര്യങ്ങൾ മനസിലേൽപ്പിച്ച മുറിവുമായാണ് അകത്തേക്ക് കയറുന്നത്. പക്ഷെ, അതുപോലും പുറത്തിറങ്ങുമ്പോൾ ആവിയായി എവിടെയോ പോയ്‌മറഞ്ഞു.

എന്താണ് ആ മാന്ത്രികത എന്നത് അനുഭവിച്ചുതന്നെ അറിയേണ്ടതായിരുന്നു. വിവിധ പ്രശ്‌നങ്ങളുമായി കാണാൻ വന്നിരിക്കുന്ന നൂറുകണക്കിന് മനുഷ്യരാണ് ഞങ്ങളിറങ്ങുമ്പോഴും അവിടെ കാത്തുനിൽക്കുന്നത്. വിദ്വേഷ രഹിതമായ കാരുണ്യവും സ്‌നേഹവും ഇഴചേർത്ത് ഓരോ ദിവസവും എത്രയെത്ര ആളുകൾക്കാണ് ആ മനസും സമ്പാദ്യവും ബന്ധങ്ങളും തണലേകിയിരുന്നത്. ഇതല്ലേ സ്വാർഥകമായ ജീവിതം.

Hyderali Shihab Thangal Passed Away; Malabar News Editorial

എന്നെ സംബന്ധിച്ചിടത്തോളം, മനുഷ്യജൻമം വരമാണെന്നും, ലഭ്യമായ സൗകര്യങ്ങൾ അർഹിക്കുന്ന സഹജീവികൾക്ക് വേണ്ടി വിനിയോഗിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള ‘ജ്‌ഞാനോദയം’ സിദ്ധിച്ച കേരളത്തിലെ അപൂർവം വ്യക്‌തിത്വങ്ങളിൽ ഒരാളായിരുന്നു ഭൗതിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

അനേകായിരങ്ങളുടെ ജീവിതത്തിൽ ഇരുട്ടിലെ കൈത്തിരി പോലെ വെളിച്ചമായി വഴികാണിച്ച, കേരളമനസുകൾ വിദ്വേഷ രാഷ്‌ട്രീയത്തിലേക്ക് വീഴാതിരിക്കാൻ മുൻഗാമികൾ കാണിച്ചവഴിയിൽ സഞ്ചരിച്ച, അഹങ്കാരം ഒഴിഞ്ഞ, അന്തരംഗം സഹജീവികൾക്ക് വേണ്ടി സ്‌നേഹസാന്ദ്രമാക്കിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വേദനയോടെ, പ്രാർഥനയോടെ വിട..

Most Read: ഹൈദരലി തങ്ങളുടെ കബറടക്കം നാളെ രാവിലെ 9ന്; പൊതുദർശനം തുടരുന്നു

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE