ചണ്ഡീഗഡ്: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഒരു ആം ആദ്‌മിയെ (സാധാരണക്കാരൻ) ഉന്നത സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് തന്റെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ചരൺജിത് സിംഗ് ചന്നി. സത്യപ്രതിജ്‌ഞ കഴിഞ്ഞ് തൊട്ടുപിന്നാലെ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. അധികാരം ഏറ്റെടുത്ത് നിമിഷങ്ങൾക്ക് അകം തന്നെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ആദ്യത്തേത് പ്രഖ്യാപിക്കുകയും ചെയ്‌തു. ദരിദ്രർക്ക് സൗജന്യമായി ജലം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
“മറ്റ് പാർട്ടികൾ ഇപ്പോഴും ആം ആദ്‌മിയെക്കുറിച്ച് സംസാരിക്കുന്നേയുള്ളൂ, ഇവിടെ ഇരിക്കുന്ന ഞാൻ ഒരു ആം ആദ്‌മിയാണ്. ഇതാണ് ആം ആദ്‌മി സർക്കാർ. പഞ്ചാബിനുവേണ്ടി നിരവധി തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്,”- പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനും ഇൻചാർജ് ഹരീഷ് റാവത്തിനും ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ചന്നി പറഞ്ഞു.
പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് സിഖുകാരനാണ് ചന്നി. സുഖ്ജിന്ദർ സിങ് രൺധാവ, ഓം പ്രകാശ് സോണി എന്നിവരാണ് രണ്ട് ഉപമുഖ്യമന്ത്രിമാർ. മന്ത്രി സുഖ്ജിന്ദർ സിങ് രൺധാവയെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിച്ചെങ്കിലും, ചന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു.
“ഞാൻ സാധാരണക്കാരന്റെയും കർഷകന്റെയും അടിച്ചമർത്തപ്പെട്ട ഏതൊരാളുടെയും പ്രതിനിധിയാണ്. ഞാൻ സമ്പന്നരുടെ പ്രതിനിധിയല്ല. മണൽ ഖനനത്തിലും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ എന്റെ അടുക്കൽ വരരുത്. ഞാൻ നിങ്ങളുടെ പ്രതിനിധിയല്ല, ”- ചന്നി പറഞ്ഞു.
Most Read: ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവ് പാടില്ല; സഭാ കേസുകളിൽ സർക്കാരിന് മുന്നറിയിപ്പ്