കൊച്ചി: ഓർത്തഡോക്‌സ്- യാക്കോബായ സഭാ കേസുകളിൽ സർക്കാരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവ് പാടില്ലെന്നും കോടതി ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇരുസഭകളും തമ്മിലുള്ള ഭിന്നത അതിതീവ്രമാണെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
കെഎസ് വർഗീസ് കേസിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ മുൻപാകെ ഒട്ടേറെ ഹരജികൾ നിലവിലുണ്ട്. ഇതിലൊരു ഹരജി പരിഗണിക്കവേയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്‌ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത് അനന്തമായി നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ജഡ്‌ജി പറഞ്ഞു.
ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന ഒഴിവുകഴിവ് പറഞ്ഞ് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് ശരിയല്ല. സർക്കാർ അത്തരമൊരു നിലപാട് സ്വീകരിക്കരുതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള വിവിധ ഹരജികളിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാട് എന്താണെന്ന് ഈ മാസം 29ന് മുൻപ് ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമാകും കോടതി അന്തിമ തീരുമാനം എടുക്കുക.
അതേസമയം, സർക്കാർ നിലപാട് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ ആരോപിച്ചു. നിയമങ്ങൾ നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അവ നടപ്പാക്കാതെ വരുമ്പോഴാണ് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. നീതി നിഷേധത്തിന് സർക്കാർ കൂട്ടുനിൽക്കില്ലെന്നാണ് പ്രതീക്ഷയെന്നും ബിജു ഉമ്മൻ കോട്ടയത്ത് പറഞ്ഞു.
Also Read: സെറോ ടൈപ്പ്- 2 ഡെങ്കി കൂടുതൽ അപകടകാരി; എടുക്കാം ഈ മുൻകരുതലുകൾ