ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പരമശിവന്റെ കഴുത്തിലെ പാമ്പാണെന്നും രാജ്യത്തെ ജനങ്ങളാണ് തനിക്ക് ദൈവത്തിന്റെ രൂപമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈശ്വരന്റെ കഴുത്തിലെ പാമ്പിനോട് ഉപമിച്ചപ്പോൾ താൻ ആസ്വദിച്ചെന്നും മോദി പറഞ്ഞു. കോലാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷം ചേറ്റുന്ന പാമ്പാണ് നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസ് അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയാണെന്നും മോദി ആരോപിച്ചു. 85 ശതമാനം കമ്മീഷൻ വാങ്ങുന്ന പാർട്ടിയാണ് കോൺഗ്രസ്. അവരുടെ പ്രധാനമന്ത്രി മുൻപ് സമ്മതിച്ചതാണിത്. അധികാരത്തിലേറിയത് മുതൽ അഴിമതിക്ക് എതിരായി പോരോടുന്നതിനാലാണ് കോൺഗ്രസ്, എന്നെയും ബിജെപി സർക്കാരിനെയും അധിക്ഷേപിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതികൾ ഇല്ലാതാക്കി, രാജ്യത്തെ കരുത്തുറ്റതാക്കാനാണ് ബിജെപി സർക്കാരിന്റെ പ്രവർത്തനം. കർണാടകയെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇരട്ട എൻജിൻ സർക്കാരിന്റെ വികസന കാഴ്‌ചപ്പാടുകളെ കുറിച്ച് ജനങ്ങൾക്ക് ബോധ്യമുണ്ട്. ഇത് ജെഡിഎസിനും കോൺഗ്രസിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കും. തനിക്കെതിരെയുള്ള അധിക്ഷേപങ്ങൾക്ക് കർണാടകയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.
രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനായി കർണാടകയിൽ എത്തിയ പ്രധാനമന്ത്രി, ഇന്ന് വൈകിട്ട് മൈസൂരുവിൽ നടന്ന റോഡ് ഷോക്ക് ശേഷം മടങ്ങി.
Most Read: ജനസാഗരമായി തൃശൂർ പൂരനഗരി; വർണ വിസ്‌മയം തീർത്ത് കുടമാറ്റം