തൃശൂർ: ജനസാഗരമായി തൃശൂർ പൂരനഗരി. പൂര പ്രേമികൾക്കായി തെക്കേഗോപുര നടയിൽ വർണ വിസ്‌മയം തീർത്ത് കുടമാറ്റം നടക്കുകയാണ്. 30 ഗജവീരൻമാർ മുഖാമുഖം നിരന്നുനിന്ന് വർണപ്പൊലിമയിൽ കുടമാറ്റം നടത്തുകയാണ്. വിവിധ വർണങ്ങളിലും രൂപഭംഗിയിലുള്ള കുടകൾ മൽസരിച്ചു ഉയർത്തുന്ന കാഴ്‌ച കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് കണ്ണുചിമ്മാതെ കാത്തുനിൽക്കുന്നത്.
അമ്പതോളം വീതം കുടകളാണ് ഇരുവിഭാഗത്തിന്റെയും കൈയിലുള്ളത്. തിരുവമ്പാടിയും പാറമേക്കാവും മൽസരിച്ചാണ് കുടമാറ്റിക്കൊണ്ടിരിക്കുന്നത്. ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിക്കുന്നത്. തിരുവമ്പാടിയെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. കുടമാറ്റത്തിന് ശേഷം രാത്രി പത്തരയ്‌ക്ക് ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യം ആരംഭിക്കും.
നാളെ പുലർച്ചെ മൂന്ന് മണിക്ക് വെടിക്കെട്ട് നടക്കും. പൂരപ്രേമികൾ ഏറെ കാത്തിരിക്കുന്ന വെടിക്കെട്ടിന് ആദ്യം തിരുവമ്പാടിയും തുടർന്ന് പാറമേക്കാവും തിരികൊളുത്തും. നാളെ രാവിലെ ഇരുഭഗവതിമാരും വീണ്ടും 15 ആനപ്പുറത്ത് എഴുന്നള്ളും. ഉച്ചയോടെ ശ്രീമൂല സ്‌ഥാനത്തെത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇക്കൊല്ലത്തെ പൂര ചടങ്ങുകൾക്ക് സമാപനമാകും.
Most Read: ‘കേരളത്തിലെ റോഡുകൾ ലോകശ്രദ്ധ നേടുന്നു’; പേരാമ്പ്ര ബൈപ്പാസ് ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി