വയനാട് : ജില്ലയില്‍ വിളവെടുപ്പ് സമയം അടുത്തതോടെ കര്‍ഷകര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പുകളാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതില്‍ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിലായി ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാനുള്ള സാധ്യതയുമുണ്ട്. ഇതോടെ കര്‍ഷകര്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്.
ജില്ലയില്‍ കാപ്പി, നെല്ല് എന്നിവയുടെ വിളവെടുപ്പാണ് പ്രധാനമായും നടക്കാന്‍ പോകുന്നത്. ന്യൂനമർദ്ദത്തെ തുടര്‍ന്ന് ജില്ലയില്‍ മഴ ശക്‌തമായാൽ ഇത് വിളവെടുപ്പിനെയും തുടര്‍ന്നുള്ള സംസ്‌കരണത്തെയും കാര്യമായി തന്നെ ബാധിക്കും. ഇത്തവണ മഴ നേരത്തെ തന്നെ ലഭിച്ചു തുടങ്ങിയതിനാല്‍ പല സ്‌ഥലങ്ങളിലും കാപ്പി പഴുത്തു തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ ആദ്യ വാരത്തോടെയാണ് സാധാരണയായി കാപ്പി വിളവെടുപ്പ് നടത്തുക. മഴ ശക്‌തമായാല്‍ പഴുത്ത കാപ്പിക്കുരു പൊഴിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്. കൂടാതെ ഇവ വലിയ തോതില്‍ നശിക്കുകയും ചെയ്യും.
കാപ്പിക്കുരു പഴുത്തു തുടങ്ങുന്ന സാഹചര്യത്തില്‍ നല്ല വെയില്‍ ലഭിച്ചാല്‍ മാത്രമേ തോട്ടങ്ങളില്‍ കാപ്പിക്കുരു ഒരുമിച്ചു പഴുത്തു പാകമാകുകയുള്ളൂ. കൂടാതെ വിളവെടുപ്പിന് മുന്‍പ് പറമ്പ് വൃത്തിയാക്കുകയും വേണം. മഴ തുടര്‍ന്നാല്‍ ഇത് നടക്കാതെ പോകും. ഒപ്പം തന്നെ ശക്‌തമായ മഴ നെല്‍കൃഷിയുടെ വിളവെടുപ്പിനെയും കാര്യമായി തന്നെ ബാധിക്കും. ജില്ലയില്‍ നിലവില്‍ നെല്‍കൃഷി നടത്തിയ പാടങ്ങള്‍ വിളവെടുപ്പിന് തയ്യാറായി കിടക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് നിരവധി ആളുകളാണ് നെല്‍ക്കൃഷിയിലേക്ക് തിരിഞ്ഞത്. മഴ ചതിച്ചാല്‍ നിരവധി ആളുകളുടെ പരിശ്രമമാണ് വിഫലമാകുക. മഴ തുടര്‍ന്നാല്‍ നെല്ലിന്റെ വിളവെടുപ്പും തുടര്‍ന്നുള്ള സംസ്‌കരണവും ബുദ്ധിമുട്ടിലാകും. കൂടാതെ പുല്ല് ഉണക്കിയെടുക്കുന്നതിനും മഴ തടസമാകും.
Read also : വിവാഹത്തിന് മുൻപ് മതവും വരുമാനവും വ്യക്‌തമാക്കണം; പുതിയ നിയമവുമായി ആസാം