തൃശൂർ: കുന്നംകുളത്ത് അമ്മയെയും രണ്ടു മക്കളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്ത് ചിറമേനങ്ങാട് റോഡിൽ മെഹഫിൽ മൻസിലിൽ ഹാരിസിന്റെ ഭാര്യ ഷഹീന(28), മക്കളായ അജുവ(3), ഒന്നര വയസുള്ള അമൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് സംഭവം.
വീടിന് മുകളിലെ ബാൽക്കണിയിലാണ് മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്. കത്തിക്കാനുള്ള ഇന്ധനം കൊണ്ടുവന്നത് എന്ന് കരുതുന്ന രണ്ടു കുപ്പികളും, ആത്മഹത്യാ കുറിപ്പ് ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഒരു ഡയറിയും പോലീസ് വീടിന്റെ കാർ പോർച്ചിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയിലാണ് കുടുംബം വീട്ടിലെത്തിയത്.
സംഭവം നടക്കുമ്പോൾ ഭർത്താവ് ഹാരിസിന്റെ മാതാവ് വീട്ടിലെ താഴെ നിലയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഹാരിസ് ആറുമാസം മുമ്പാണ് നാട്ടിൽ അവധിക്കെത്തി തിരിച്ചുപോയത്. അതേസമയം, വിവരം അറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയാണ്. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിക്കുന്നുണ്ട്.
Most Read: കാട്ടാന ആക്രമണം; സംസ്ഥാനത്ത് 5 വർഷത്തിനിടെ കൊല്ലപ്പെട്ടത് 105 പേർ