പാരിസ്: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം. നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
ഷൂട്ടൗട്ടിൽ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷ് ഗോൾ നേടിയതോടെ ഇന്ത്യക്ക് തകർപ്പൻ ജയവും സെമിയിൽ സ്‌ഥാനവും ലഭിച്ചു. മൽസരത്തിലുടനീളം വൻമതിൽ പോലെ ഇന്ത്യൻ ഗോൾമുഖത്ത് നിലയുറപ്പിച്ച ശ്രീജേഷിനാണ് ഈ വിജയത്തിൽ പ്രധാന കൈയ്യടി. ശ്രീജേഷിന്റെ സേവുകളാണ് പത്ത് പേരായി ചുരുങ്ങിയ ഇന്ത്യയെ പലപ്പോഴും മൽസരത്തിൽ നിലനിർത്തിയത്. ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിൽ രക്ഷകനായി എത്തിയതും ശ്രീജേഷ് തന്നെ.
നേരത്തെ, ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും (22ആം മിനിറ്റ്) ബ്രിട്ടനായി ലീ മോർട്ടനും (27ആം മിനിറ്റ്) നേടിയ ഗോളുകളാണ് മൽസരം സമനിലയിൽ എത്തിച്ചത്. 52 വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ഒളിമ്പിക്‌സ് വേദിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതിന്റെ ആവേശമടങ്ങും മുമ്പാണ് ഇന്ത്യയുടെ സെമി പ്രവേശം. പൂൾ ബിയിൽ ബൽജിയത്തിന് പിന്നിൽ രണ്ടാം സ്‌ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്.
ഒളിമ്പിക്‌സ് ഹോക്കിയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെമിയിൽ തോറ്റാലും ഇന്ത്യക്ക് വെങ്കലം മെഡൽ പോരാട്ടത്തിൽ മൽസരിക്കാം. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. മറ്റന്നാൾ നടക്കുന്ന സെമിയിൽ അർജന്റീനയോ ജർമനിയോ ആകും ഇന്ത്യയുടെ എതിരാളികൾ.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി