ടെഹ്റാൻ: യുഎസുമായുള്ള സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കെ, ശത്രുക്കൾ അങ്ങേയറ്റം ഭയപ്പെടുന്ന പുതിയ മരകായുധം ഉടൻ പുറത്തിറക്കുമെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം. വളരെ വേഗത്തിൽ തങ്ങളുടെ ശത്രുക്കളെ അവരുടെ തൊട്ടടുത്ത് തന്നെ പുതിയ ആയുധം കൊണ്ട് നേരിടുമെന്ന് ഇറാനിയൻ നാവികസേനാ മേധാവി ഷെഹ്റാം ഇറാനി മുന്നറിയിപ്പ് നൽകി.
യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നീണ്ടുപോവുകയും ഇറാന്റെ ഏറ്റവും പുതിയ നിർദ്ദേശം യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തള്ളിക്കളയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
”വളരെ പെട്ടെന്നുതന്നെ ശത്രുക്കളെ നേരിടാൻ ഇറാൻ പുതിയൊരു ആയുധം പുറത്തിറക്കും. ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ ഈ ആയുധം നിലയുറപ്പിക്കും. അത് കാണുമ്പോൾ അവർക്ക് ഹൃദയാഘാതം സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”- ഷെഹ്റാം ഇറാനി പരിഹസിച്ചു.
”മൂന്ന് ദിവസത്തിനും ഒരു ആഴ്ചയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഇറാനെതിരായ യുദ്ധത്തിൽ ഒരു നിഗമനത്തിലെത്താൻ കഴിയുമെന്ന് ശത്രു കരുതി. അവരുടെ ഈ അനുമാനം സൈനിക സർവകലാശാലകളിൽ ഒരു തമാശയായി മാറിയിരിക്കുന്നു.
യുഎസിന്റെ പിടിവാശിയും തെറ്റായ ധാരണകളും തുടരുകയും ഇറാനിയൻ വ്യവസ്ഥകൾ നിരസിക്കുകയും ചെയ്താൽ, ഞങ്ങളുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ വ്യത്യസ്തമായ പ്രതികരണം പ്രതീക്ഷിക്കാം”- അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ആണവപദ്ധതി ഉപേക്ഷിക്കാതെ ഇറാനുമായി കരാറിനില്ലെന്ന സൂചന നൽകിയിരിക്കുകയാണ് യുഎസ്. നാവിക ഉപരോധം പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും ആണവപദ്ധതി സംബന്ധിച്ച് ചർച്ച പിന്നീടാകാമെന്നുമാണ് ഇറാൻ യുഎസിനുമേൽ വെച്ച നിർദ്ദേശങ്ങളിൽ ഉള്ളത്.
എന്നാൽ, ആണവായുധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാതെ ഇറാനുമായി കരാറില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ടിവി അഭിമുഖത്തിൽ പറഞ്ഞു. ഇറാന്റെ നിർദ്ദേശങ്ങൾ യുഎസ് ദേശീയ സുരക്ഷാ സമിതി ചർച്ച ചെയ്തെന്നും പ്രസിഡണ്ട് ഇതേപ്പറ്റി പിന്നീട് പ്രതികരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
സഖ്യ കക്ഷിയായ റഷ്യയുമായി ചർച്ച ചെയ്തതിന് ശേഷമാണ് ഇറാൻ യുഎസിന് മേൽ പുതിയ നിർദ്ദേശങ്ങൾ വച്ചത്. ഹോർമുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചർച്ചകൾ മാറ്റിവയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടു വച്ചിരിക്കുന്നത്.
Most Read| ഡിജിറ്റൽ അറസ്റ്റ്; 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ് ആപ്പ്







































