ഇസ്രയേൽ ഏറ്റവും വലിയ ഭീകരരാഷ്‌ട്രം, പലസ്‌തീനിന്റേത് അധിനിവേശത്തിന് എതിരായ ചെറുത്ത് നിൽപ്പ്; ലീഗ് റാലി

കോഴിക്കോട് നടന്ന മുസ്‌ലിം ലീഗിന്റെ മഹാറാലി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌തു. എഐസിസി അംഗം ശശി തരൂർ എംപി മുഖ്യാതിഥി ആയിരുന്നു.

By Trainee Reporter, Malabar News
Muslim League
Rep. Image
Ajwa Travels

കോഴിക്കോട്: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് മുസ്‌ലിം ലീഗിന്റെ മഹാറാലി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌ത റാലിയിൽ എഐസിസി അംഗം ശശി തരൂർ എംപി മുഖ്യാതിഥി ആയിരുന്നു. പലസ്‌തീനൊപ്പം നിൽക്കാത്ത ഇന്ത്യൻ നിലപാടിനെ ചോദ്യം ചെയ്‌ത സാദിഖലി തങ്ങൾ, പലസ്‌തീനികൾ ചെയ്യുന്നത് അധിനിവേശത്തിന് എതിരായ ചെറുത്ത് നിൽപ്പാണെന്നും ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇസ്രയേൽ അധിനിവേശത്തെ എന്നും ശക്‌തമായി എതിർത്ത രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രയേൽ രൂപീകരണത്തിന്റെ ഒളിയജണ്ട തിരിച്ചറിഞ്ഞ രാജ്യമായിരുന്നു മുമ്പ് ഇന്ത്യ. മഹാത്‌മാ ഗാന്ധി ഇസ്രയേൽ അധിനിവേശത്തെ ശക്‌തമായി എതിർത്തിട്ടുണ്ട്. നെഹ്‌റു അടക്കമുള്ളവർ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാക്കളായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഭരണാധികാരികൾ ആ നയത്തിൽ വെള്ളം ചേർത്തിരിക്കുകയാണ്. ഇന്ത്യൻ ഭരണകൂടം ഇപ്പോൾ ഇസ്രയേലിനെ വെള്ള പൂശാൻ ശ്രമിക്കുന്നു. അഹിംസ പഠിപ്പിച്ച ഇന്ത്യക്ക് അങ്ങിനെ നിൽക്കാനാവില്ലെന്നും ലീഗ് അധ്യക്ഷൻ വിമർശിച്ചു.

പലസ്‌തീൻ ജനതയുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് പല രാജ്യങ്ങളും മിണ്ടുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമാണ് ഇസ്രയേലെന്നും, ഇസ്രയേലിനെ നല്ല നടപ്പ് ശീലിപ്പിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, ഇസ്രയേലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ അഭിപ്രായപ്പെട്ടത്.

ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ അദ്ദേഹം, 19 ദിവസത്തിലെ യുദ്ധത്തിൽ കഴിഞ്ഞ 15 വർഷത്തിൽ ഉണ്ടായതിലധികം മരണമാണ് നടന്നതെന്നും വ്യക്‌തമാക്കി. ഇസ്രയേൽ യുദ്ധം നിർത്തുന്നതിന് മുൻപ് എത്ര കുഞ്ഞുങ്ങളുടെ ജീവനെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഈ റാലി മുസ്‌ലിം വിഷയമായത് കൊണ്ടല്ല. ഇതൊരു മനുഷ്യത്വ വിഷയമാണെന്നും തരൂർ പറഞ്ഞു.

യുദ്ധത്തിന് മതമറിയില്ല. യുദ്ധത്തിൽ ക്രൈസ്‌തവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ ക്രൈസ്‌തവ പള്ളി അക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ അവിടെ നിരവധിപ്പേർ അഭയാർഥികളായി. ആ പള്ളി തകർക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. ആ പള്ളിയിലും ഇസ്രയേൽ ബോംബിട്ടു. നിരവധി പേർ അവിടെയും കൊല്ലപ്പെട്ടെന്നും തരൂർ ചൂണ്ടിക്കാട്ടി.

ഈ റാലിയിലെ ജനസാഗരത്തെ കാണുമ്പോൾ സന്തോഷമുണ്ട്. പലസ്‌തീനികൾക്ക് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലി ആയിരിക്കും ഇത്. ഈ യുദ്ധം നിർത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ധ്വംസനത്തിന്റെ വലിയ ഉദാഹരണമാണ് കാണുന്നത്. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം. ചില അറബ് രാജ്യങ്ങൾ ഇസ്രയേലിനെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. കേരളം എല്ലാവരെയും സ്വീകരിക്കുന്ന നാടാണ്. യുദ്ധങ്ങൾക്ക് ചില നിയമങ്ങളുണ്ട്. ആ നിയമങ്ങളെ എല്ലാം ലംഘിക്കുകയാണ് ഇവിടെ. നഷ്‌ടം സഹിച്ചതും ത്യാഗം ചെയ്‌തതും സാധാരണക്കാരാണ്. സങ്കടപ്പെടുന്നവരുടെ കൂടെയാണ് ലീഗെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

Most Read| പേര് മാറ്റ വിവാദം; ‘ഭാരതം’ എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE