തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയെ അനുകൂലിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക പാഠ പുസ്‌തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ പറഞ്ഞു. ഇന്ത്യ, ഭാരതം എന്നീ രണ്ടുപേരുകളും ഭരണഘടനയിൽ ഉണ്ടെന്നും ഗവർണർ വ്യക്‌തമാക്കി.
അതേസമയം, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്‌ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്‌ഥാനം ഒഴിഞ്ഞതെന്നും ഗവർണർ വിശദീകരിച്ചു. ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ഉയർന്നത്. ക്രമക്കേടുകളെ കുറിച്ച് തനിക്കും പരാതി ലഭിച്ചെന്നും ഉയർന്നുവന്ന പരാതികളിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും ഗവർണർ വ്യക്‌തമാക്കി.
അതേസമയം, ബിജെപി കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ പേര് മാറ്റാതെ ശക്‌തമായി എതിർക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. ബദൽ സാധ്യത തേടാനാണ് കേരളത്തിന്റെ തീരുമാനം. ഇന്ത്യ എന്ന പേര് നിലനിർത്തി എൻസിഇആർടി പാഠപുസ്‌തകങ്ങൾ സ്വന്തം നിലക്ക് ഇറക്കുന്നതിനെ കുറിച്ചാണ് കേരളം പരിശോധിക്കുന്നത്. ഇതിനുള്ള സാധ്യതകൾ തേടും. വിശദ കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം.
‘ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ എല്ലായിടത്തും ‘ഭാരതം’ എന്നാക്കി മാറ്റാനാണ് എൻസിഇആർടി നിയോഗിച്ച സാമൂഹിക ശാസ്‌ത്ര വിഷയങ്ങൾക്കുള്ള ഉന്നതതല സമിതി ശുപാർശ ചെയ്‌തത്. ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയാണ് പെരുമാറ്റത്തിന് ശുപാർശ ചെയ്‌തത്. അടുത്ത വർഷം മുതൽ ഈ മാറ്റം ഉൾപ്പെടുത്തണമെന്നാണ് ശുപാർശ. പ്ളസ് ടു വരെയുള്ള സാമൂഹിക പാഠപുസ്‌തകങ്ങളിലാണ് മാറ്റത്തിന് നിർദ്ദേശം. ഹിന്ദു രാജാക്കൻമാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി പാഠ പുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
Most Read| ഗാസയിൽ ഇന്ധനം തീരുന്നു; ആശുപത്രികൾ അടച്ചു പൂട്ടലിലേക്ക്; ഭൂരിഭാഗവും നിർത്തി