ജറുസലേം: ഗാസയിൽ ഇന്നത്തോടെ ഇന്ധനം പൂർണമായി തീരുമെന്ന് ഐക്യരാഷ്‌ട്ര സഭാ മുന്നറിയിപ്പ്. ഇന്ധനക്ഷാമം മൂലം ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളിൽ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. മിക്കയിടത്തും ഭാഗിക പ്രവർത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടൻ ലഭ്യമായില്ലെങ്കിൽ ഗാസയിൽ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകൾ ഉൾപ്പടെ മുന്നറിയിപ്പ് നൽകുന്നത്.
‘ഇന്ധനക്ഷാമത്തിന് ഒരു പരിഹാരം കാണേണ്ടതുണ്ട്. അല്ലാത്തപക്ഷം ഞങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെടും. ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം പോലും ലഭ്യമാകില്ല. ആശുപത്രികൾ അടച്ചുപൂട്ടും. ഗാസയിലേക്ക് സഹായമെത്തുന്നത് വിതരണം ചെയ്യാനും ഞങ്ങളുടെ ട്രക്കുകളിൽ ഇന്ധനം ഉണ്ടാകില്ല’- യുഎൻആർഡബ്‌ളൂഎയു ഡയറക്‌ടർ ടോം വൈറ്റ് പ്രതികരിച്ചു. ഇന്ധനമില്ലാത്തതിനാൽ ഗാസയിലെ 35 ആശുപത്രികളിൽ 15ഉം പൂട്ടാൻ നിർബന്ധിതമായിരിക്കുക ആണെന്നാണ് ആരോഗ്യമന്ത്രാലയവും വ്യക്‌തമാക്കുന്നത്.
വിവിധ ആശുപത്രികളിൽ ഇൻക്യുബേറ്ററിൽ കഴിയുന്ന കുഞ്ഞുങ്ങളുണ്ട്. വൈദ്യുതി നിലച്ചാൽ ഇവരുടെയെല്ലാം ജീവൻ പൊലിയും. ജനറേറ്ററുകളുടെ പ്രവർത്തനം കൂടി നിലച്ചാൽ ആശുപത്രികൾ മോർച്ചറികളാകുമെന്ന് റെഡ് ക്രോസും വ്യക്‌തമാക്കി. എന്നാൽ, ഇന്ധനം ഹമാസിനോട് ചോദിക്കൂ എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ മറുപടി. അഞ്ചുലക്ഷം ലിറ്ററിലേറെ ഇന്ധനം ഹമാസ് പൂഴ്‌ത്തി വെച്ചിരിക്കുകയാണെന്നാണ് സൈന്യം ആരോപിക്കുന്നത്.
ഇസ്രയേലിൽ നിന്ന് പൈപ്പുകൾ വഴിയാണ് ഗാസയിലേക്ക് കുടിവെള്ളം എത്തുന്നത്. കുടിവെള്ള പൈപ്പ്‌ലൈൻ ഇസ്രയേൽ അടച്ചിരിക്കുകയാണ്. കടൽവെള്ളം ശുദ്ധീകരിച്ചും വെള്ളം എടുക്കുന്നുണ്ടെങ്കിലും വൈദ്യുതി നിലച്ചതോടെ മിക്ക കടൽവെള്ള ശുദ്ധീകരണ പ്ളാന്റും പൂട്ടി. അതേസമയം, ഗാസയിലെ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്‌തമാക്കി. ഇസ്രയേലിന്റേത് നിലനിപ്പിന് വേണ്ടിയുള്ള യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കരയുദ്ധത്തിനുള്ള നടപടി എപ്പോൾ, എങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്താൻ ആവില്ലെന്നും നെതന്യാഹു പറഞ്ഞു. കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോർട്. ഇതിനിടെ, ഇസ്രയേൽ ആക്രമണത്തിൽ 6500 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. അതിനിടെ, ലെബനൻ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടിരുന്നു. എന്നാൽ, സംഭവത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അൽ ജസീറ ബ്യൂറോ ചീഫ് വെയ്‌ൽ ദഹ്‌ദൂഹിന്റെ ഭാര്യയും മകളും മകനുമാണ് കൊല്ലപ്പെട്ടത്.
Most Read| കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ