കോട്ടയം: പുതുപ്പള്ളിയിൽ ആകാംക്ഷകൾക്ക് വിരാമമിട്ട് ജെയ്‌ക് സി തോമസ് തന്നെ ഇടതു സ്‌ഥാനാർഥിയാകും. എൽഡിഎഫ് സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസ് 17ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 16ന് നടക്കും. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൺവെൻഷൻ ഉൽഘാടനം ചെയ്യും.
മണ്ഡലത്തിൽ രണ്ടുഘട്ടങ്ങളിലായി മുതിർന്ന നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ജെയ്‌ക്കാനായി പ്രചാരണത്തിനിറങ്ങും. ജെയ്‌ക്കിന്റെ പേര് നേതൃത്വം ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കും. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്‌ഥാനാർഥി പ്രഖ്യാപനം. ജെയ്‌ക് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരാണ് പാർട്ടി ആദ്യം പരിഗണിച്ചിരുന്നത്.
മണ്ണാർക്കാട് സ്വദേശിയായ ജെയ്‌ക് 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിച്ചിരുന്നു. എസ്എഫ്ഐയിലൂടെ രാഷ്‌ട്രീയത്തിൽ എത്തിയ ജെയ്‌ക്, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡണ്ട്, സംസ്‌ഥാന വൈസ് പ്രസിഡണ്ട്, സംസ്‌ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്‌ഥാന പ്രസിഡണ്ട് ആയിരിക്കെയാണ് 2016ൽ അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിച്ചത്.
Most Read| ക്രിമിനൽ നിയമ പരിഷ്‌കരണം; ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ചു അമിത് ഷാ