കൊച്ചി: ഇസ്‌ലാം മതം വിട്ട് പുറത്തു വന്നവരുടെ സംഘടനയായ ‘എക്‌സ് മുസ്‌ലിംസ് ഓഫ് കേരള‘ എല്ലാ വർഷങ്ങളിലെയും ജനുവരി 9, എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കുമെന്ന് പത്രസമ്മേളനത്തിൽ സംഘടന അറിയിച്ചു. 2020ൽ പ്രഖ്യാപിക്കുകയും 2021ൽ നിയമപരമായി രൂപം കൊടുക്കുകയും ചെയ്‌ത സംഘടനയാണ് എക്‌സ് മുസ്‌ലിംസ് ഓഫ് കേരള.
ഇന്ത്യയിൽ ആദ്യമായാണ് ഇസ്‌ലാം മതമുപേക്ഷിച്ചവരുടെ കൂട്ടായ്‌മയായി ഇത്തരം ഒരു സംഘടന രൂപം കൊണ്ടിട്ടുള്ളതെന്നും 2021 ജനുവരി 9നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട എംഎം അക്ബർ–ഇഎ ജബ്ബാർ സംവാദം നടന്നതെന്നും ഈ ദിനമാണ് എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കുന്നതെന്നും സംഘടന പത്രക്കുറിപ്പിൽ വിശദീകരിച്ചു.
ഇസ്‌ലാമിക സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ഒന്നായ മുജാഹിദ് ഓദ്യോഗിക വിഭാഗം നേതാവായ എംഎം അക്‌ബറും, പ്രമുഖ യുക്‌തിവാദിയും ഇസ്‍ലാം വിമർശകനുമായ ഇഎ ജബ്ബാറും തമ്മിൽ 2021 ജനുവരി 9ന് മലപ്പുറത്ത് തുറന്ന വേദിയിൽ സംഘടിപ്പിച്ച സംവാദം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ ദിവസമാണ് എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കാൻ സംഘടന തിരഞ്ഞെടുത്തിരിക്കുന്നത്.
‘യൂട്യൂബിൽ മാത്രം ദശലക്ഷത്തിലധികം ആളുകളാണ് ഈ സംവാദം കേട്ടത്. കേരള സമൂഹത്തിൽ ഇസ്‌ലാം വിമർശനവും, സ്വതന്ത്ര ചിന്തയും ഏറെ ആളുകളിലേക്ക് എത്തിക്കുവാനും, അനേകം ആളുകൾക്ക് ഇസ്‌ലാം മതം ഉപേക്ഷിക്കുന്നതിന് കരണമാകാനും ഈ സംവാദത്തിന് സാധ്യമായതിനാലാണ് ജനുവരി 9 ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഒന്നായി ഞങ്ങൾ തിരഞ്ഞെടുത്തത്‘; സംഘടന പത്രക്കുറിപ്പിൽ വ്യക്‌തമാക്കി.
‘ഇസ്‌ലാം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കുന്നവർ, മറ്റു വിഭാഗങ്ങളൊന്നും നേരിടാത്ത പ്രശ്‌നങ്ങളാണ് മാനസികമായും ശാരീരികമായും സാമൂഹികമായും നേരിട്ട് വരുന്നത്. അതിനാലാണ് ‘എക്‌സ് മുസ്‌ലിംസ് ഓഫ് കേരള‘ എന്ന പേരിൽ സംഘടന രൂപീകരിക്കേണ്ടത് അനിവാര്യമായത്. ഇസ്‌ലാം മതം ഉപേക്ഷിച്ചവർക്ക് നിയമപരവും ഭരണഘടനാപരവുമായ സംരക്ഷണം നൽകാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്‘; സംഘടന നേതൃത്വം പറഞ്ഞു.

വിശ്വാസത്തിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ റദ്ദു ചെയ്യുന്ന നീക്കങ്ങൾക്കെതിരെ നിയമപരമായി നീങ്ങാൻ സംഘടന തീരുമാനിച്ചതായും പ്രവർത്തകർ പറഞ്ഞു. ഇസ്‌ലാം മതമുപേക്ഷിച്ച് സാമൂഹിക ബഹിഷ്‌കരണമോ, ജീവന് ഭീഷണിയോ നേരിടാതെ ജീവിക്കാനുള്ള അവസരമൊരുക്കുക, ഏതൊരു വ്യക്‌തിക്കും ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശം സംരക്ഷിക്കുക എന്നിവയാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യമെന്നും സംഘടന വ്യക്‌തമാക്കുന്നു.
കൊച്ചിയിലെ ഗോകുലം പാർക് ഹോട്ടലിൽ നടന്ന പത്ര സമ്മേളനത്തിൽ സംഘടനയുടെ പ്രസിഡണ്ട് ലിയാക്കത്തലി, വൈസ് പ്രസിഡണ്ട് ജസ്‌ല മാടശ്ശേരി, സെക്രട്ടറി സഫിയ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആരിഫ് ഹുസൈൻ തെരുവത്ത്, ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
Most Read: ‘ദേഹത്ത് കൈവെച്ച ഉദ്യോഗസ്‌ഥന്റെ കൈവെട്ടണം’; ദിലീപിനെതിരായ എഫ്‌ഐആർ പുറത്ത്