കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് കെ-റെയിൽ വിശദീകരണവുമായി രംഗത്ത് വന്നത്.
അന്തിമ അലൈൻമെന്റിൽ മാറ്റം വന്നിട്ടില്ല. സിൽവർ ലൈൻ സ്‌റ്റേഷനുകളെ നേർരേഖയിൽ ബന്ധിപ്പിച്ച് വരച്ച ഒരു സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റായി പ്രചരിപ്പിക്കുന്നതെന്നും കെ-റെയിൽ പറയുന്നു. അലൈൻമെന്റ് മാറ്റിയെന്ന തിരുവഞ്ചൂരിന്റെ ആരോപണം വലിയ ചർച്ചക്ക് വഴിവച്ചിരുന്നു.
മന്ത്രി സജി ചെറിയാന്റെ വീട് ഒഴിവാക്കിയാണ് ഇത്തരത്തിൽ അലൈൻമെന്റ് മാറ്റം കൊണ്ടുവന്നതെന്ന് ആയിരുന്നു ആരോപണം. പിന്നീടത് സജി ചെറിയാന്റെ പഞ്ചായത്ത് ഒഴിവാക്കിയെന്നായി.
തിരുവഞ്ചൂരിന്റെ ആരോപണങ്ങൾ ചൂട് പിടിച്ച ചർച്ചയായിട്ടും കെ-റെയിൽ എന്തുകൊണ്ട് മറുപടി പറയുന്നില്ല എന്ന് ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്ത് വന്നത്.
Read Also: ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യമില്ല