‘റെയ്‌ഡ്‌ നടത്തിയ പോലീസുകാരെ ഒരു പാഠം പഠിപ്പിക്കും’; രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ

അന്തസ്സും ആഭിമാനബോധവുമില്ലാത്ത തെമ്മാടിത്തരമാണ് പോലീസുകാർ കാണിച്ചത്. പോലീസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്‌തമായ പോരാട്ടം നടത്തുമെന്നും സുധാകരൻ പറഞ്ഞു.

By Senior Reporter, Malabar News
K_Sudhakaran
Ajwa Travels

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ അർധരാത്രി പോലീസ് നടത്തിയ നാടകീയ സംഭവങ്ങളിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. റെയ്‌ഡ്‌ നടത്തിയ പോലീസുകാരെ ഒരു പാഠം പഠിപ്പിക്കുമെന്ന് സുധാകരൻ ഭീഷണിപ്പെടുത്തി.

കള്ളപ്പണം മുറിയിലുണ്ടെന്ന പരാതി കിട്ടിയിട്ടാണ് അന്വേഷിക്കുന്നതെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. അല്ലാതെയുള്ള അന്വേഷണമാണെന്ന് പിന്നീട് പറഞ്ഞു. പോലീസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്‌തമായ പോരാട്ടം നടത്തുമെന്നും സുധാകരൻ പറഞ്ഞു.

റെയ്‌ഡ്‌ നടത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയുണ്ടാകണം. അല്ലെങ്കിൽ കോടതിയിൽ പോകും. അന്തസ്സും ആഭിമാനബോധവുമില്ലാത്ത തെമ്മാടിത്തരമാണ് പോലീസുകാർ കാണിച്ചത്. ഹോട്ടലിൽ റെയ്‌ഡ്‌ നടക്കുമ്പോൾ പുറത്ത് സിപിഎമ്മുകാരും ബിജെപിക്കാരും മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവർക്ക് റെയ്‌ഡ്‌ വിവരം നേരത്തെ ചോർന്നുകിട്ടി. അതുതന്നെ ആസൂത്രിതമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, ഹോട്ടലിൽ പണമെത്തിച്ച വിവരം പോലീസിന് ലഭിച്ചത് എവിടെനിന്നാണെന്ന് ഷാഫി പറമ്പിൽ എംപി ചോദിച്ചു. പാലക്കാട് കണ്ടത് സിപിഎം-ബിജെപി സംഘനൃത്തമാണ്. കേരളത്തിലെ പോലീസ് കള്ളൻമാരേക്കാൾ മോശമായ രീതിയിലാണ് പെരുമാറിയത്. ജനങ്ങളോട് ഒന്നും പറയാനില്ലാത്തവർ കോൺഗ്രസ് സ്‌ഥാനാർഥിയെ സംശയനിഴലിൽ നിർത്താൻ ശ്രമിച്ചു. അതിൽ അവർ ദയനീയമായി പരാജയപ്പെട്ടെന്നും ഷാഫി പറഞ്ഞു.

പോലീസ് നടത്തിയ പാതിരാ റെയ്‌ഡ്‌ നാടകത്തിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്‌ഥാന വ്യാപകമായി ജില്ലാ ആസ്‌ഥാനങ്ങളിൽ ഡിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു. അതിനിടെ, തിരഞ്ഞെടുപ്പ് കാലത്ത് പോലീസ് പരിശോധന നടത്താറുണ്ടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാരുടെ വാഹനവും പരിശോധിച്ചു. ഞങ്ങൾ പരാതി പറഞ്ഞില്ല. പരിശോധന സ്വാഭാവികമാണ്. സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. അവരാരും പ്രതിഷേധിച്ചില്ല. പരിശോധന ഇത്ര പുകിലായി മാറ്റേണ്ട കാര്യമെന്താണെന്നും എംബി രാജേഷ് ചോദിച്ചു.

Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE