നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യമാണ് കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയത്.
ഇന്നലെ വൈകിട്ടാണ് കോടതി ഉത്തരവ് പുറത്തുവന്നത്. കേസിലെ ആദ്യ മൂന്ന് പ്രതികളായ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇവർക്ക് ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹരജിയിലാണ് കോടതി നടപടി. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന യുവാവ് ഇന്നലെ മരിച്ചിരുന്നു.
കിണാവൂർ റോഡിലെ സി സന്ദീപ് (38) ആണ് മരിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. നീലേശ്വരത്തിനടുത്ത് ചോയ്യംകോട്ട് ഓട്ടോ ഡ്രൈവറായിരുന്നു സന്ദീപ്. അപകടത്തിലെ ആദ്യ മരണമാണ് റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ മാസം 28ന് അർധരാത്രി ക്ഷേത്രത്തിലെ കാളിയാട്ടത്തിനിടെയുണ്ടായ അപകടത്തിൽ 154 പേർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രതീഷ് (32), ഷിബിൻ രാജ് (19) എന്നിവരുടെ നില അതീവ ഗുരുതരമാണ്. ഇരുവർക്കും 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 99 പേരാണ് ചികിൽസയിൽ ഉള്ളത്. അതിൽ നാലുപേർ വെന്റിലേറ്റർ സഹായം തേടുന്നുണ്ട്. 31 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അതേസമയം, വെടിക്കെട്ടപകടം സംബന്ധിച്ച് എഡിഎം നടത്തുന്ന അന്വേഷണ റിപ്പോർട് വൈകുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. എന്നാൽ, എക്‌സ്‌പ്‌ളോസീവ് ആക്‌ട് ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ പൂർണ വ്യക്‌തത വരുത്തേണ്ടതിനാലാണ് റിപ്പോർട് വൈകുന്നതെന്നാണ് സൂചന. കളക്‌ടർ കെ ഇമ്പശേഖറാണ് എഡിഎമ്മിൽ നിന്ന് റിപ്പോർട് ആവശ്യപ്പെട്ടത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!